വിൽപത്രം എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
text_fields1. പ്രായപൂർത്തിയായ ഒരാൾ തന്റെ പേരിലുള്ള നിക്ഷേപങ്ങളടക്കമുള്ള സാമ്പത്തിക ആസ്തികൾ, വസ്തു, വീട് തുടങ്ങിയ സ്വത്തുവകകൾ, ഭാവിയിൽ ലഭിക്കാനിടയുള്ള വരുമാനം എന്നിവ മരണശേഷം ആർക്കൊക്കെ എത്രമാത്രം നൽകണമെന്ന് വ്യക്തമാക്കിക്കൊണ്ട് എഴുതിവെക്കുന്ന രേഖയാണ് വിൽപത്രം.
2. വസ്തുവകകൾ ആർക്കൊക്കെ ലഭിക്കണമെന്നും അത് വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന രീതിയിൽ എല്ലാവർക്കും ലഭിക്കുന്നത് ഉറപ്പുവരുത്താനുമായി ഒരു മധ്യസ്ഥനെക്കൂടി ( executor) നിർദേശിച്ചിരിക്കണം. ഒന്നിൽ കൂടുതൽ മധ്യസ്ഥന്മാരെ വേണമെങ്കിലും നിയമിക്കാം.
3. വിൽപത്രം എഴുതേണ്ടത് 21 വയസ്സ് പൂർത്തിയായതും പൂർണ മാനസികാരോഗ്യമുള്ളതുമായ വ്യക്തി ബാഹ്യപ്രേരണകളും സമ്മർദങ്ങളുമില്ലാതെ സ്വന്തം ഇഷ്ടപ്രകാരമാണ്. വിൽപത്രം പൊതുജന സമ്മതരായ രണ്ടു വ്യക്തികൾ സാക്ഷ്യപ്പെടുത്തണം. വിൽപത്ര പ്രകാരം ഒരു ആനുകൂല്യവും ലഭിക്കാത്തവരായിരിക്കണം സാക്ഷികൾ. വിൽപത്രം എഴുതുവാൻ അഭിഭാഷകന്റെ സഹായം തേടുന്നത് നല്ലതാണ്.
4. സാധാരണ വെള്ളക്കടലാസിലാണ് വിൽപത്രം തയാറാക്കേണ്ടത്. രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ലെങ്കിലും വിൽപത്രത്തിന്റെ ആധികാരികത സംബന്ധിച്ച് മരണശേഷം ഉണ്ടാകാനിടയുള്ള തർക്കങ്ങൾ ഒഴിവാക്കുന്നതിനായി അത് രജിസ്റ്റർ ചെയ്യാവുന്നതാണ്. സബ് രജിസ്ട്രാർ ഓഫിസുകളിലാണ് വിൽപത്രം രജിസ്റ്റർ ചെയ്യേണ്ടത്.
5. അനന്തരാവകാശ നിയമപ്രകാരം വസ്തുവകകൾ അനന്തരാവകാശികൾക്ക് ലഭിക്കുന്നതിന് വിൽപത്രത്തിന്റെ ആവശ്യമില്ല. സാധാരണഗതിയിൽ അനന്തരാവകാശിയല്ലാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മരണശേഷം വസ്തുവകകൾ നൽകുന്നതിന് വിൽപത്രം വേണം. അനന്തരാവകാശികൾക്ക് ആർക്കെങ്കിലും അനന്തരാവകാശനിയമപ്രകാരം ലഭിക്കുമായിരുന്ന ആനുകൂല്യങ്ങളിൽനിന്ന് കൂടുതലായോ കുറവായോ വസ്തുവകകൾ നൽകണമെങ്കിലും വിൽപത്രം തയാറാക്കണം.
6. വിൽപത്രം തയാറാക്കുന്ന വ്യക്തി സ്വന്തമായി സമ്പാദിച്ച വസ്തുവകകൾ മാത്രമേ ഹിന്ദു അനന്തരാവകാശ നിയമപ്രകാരം വിൽപത്രത്തിലുൾപ്പെടുത്താൻ സാധിക്കൂ. പാരമ്പര്യമായി ലഭിച്ച വസ്തുവകകൾ നിയമപ്രകാരം മാത്രമേ അനന്തരാവകാശികൾക്ക് ലഭിക്കൂ. ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ മുസ്ലിംകൾക്ക് വിൽപത്രം എഴുതാൻ ശരിയ നിയമപ്രകാരം പാടില്ല.
7. വിൽപത്രം എപ്പോൾ വേണമെങ്കിലും മാറ്റിയെഴുതാവുന്നതാണ്. ഓരോ തവണ മാറ്റിയെഴുതുമ്പോഴും മുൻ തീയതികളിൽ തയാറാക്കിയവ റദ്ദായെന്ന വിവരം വളരെ കൃത്യമായി രേഖപ്പെടുത്തണം. ആസ്തികളിലുണ്ടാകുന്ന വ്യതിയാനങ്ങൾ വിൽപത്രത്തിലുൾപ്പെടുത്തണം. ആസ്തികൾ സ്വീകരിക്കുന്ന വ്യക്തികൾ മരണമടയുക, നേരത്തേ തീരുമാനിച്ചതിൽനിന്ന് ആസ്തികൾ പങ്കിടുന്നതിൽ വ്യത്യാസം വേണമെന്ന് തീരുമാനിക്കുക എന്നിങ്ങനെയുള്ള സന്ദർഭങ്ങളിലും വിൽപത്രം മാറ്റിയെഴുതേണ്ടതായിവരും. മാറ്റിയെഴുതുമ്പോൾ വീണ്ടും രജിസ്റ്റർ ചെയ്യണം.
8. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിൽപത്രങ്ങളുടെ ആധികാരികത കോടതി സാക്ഷ്യപ്പെടുത്തി നൽകുന്നതാണ് probate. വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ കോടതി മുഖേന വിൽപത്രം പ്രൊബേറ്റ് ചെയ്യണം. വിൽപത്രത്തിൽ അധികാരപ്പെടുത്തിയിട്ടുള്ള എക്സിക്യൂട്ടർ അഥവാ മധ്യസ്ഥനാണ് പ്രോബേറ്റ് ലഭിക്കുന്നതിനായി കോടതിയിൽ അപേക്ഷ കൊടുക്കേണ്ടത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.