'തിര 2021' ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സമാജത്തിന് ഇരട്ടത്തിളക്കം
text_fieldsമനാമ: തിരുവനന്തപുരത്ത് നടന്ന 'തിര 2021' ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനും മികച്ച നടിക്കുമുള്ള അവാർഡ് ബഹ്റൈൻ കേരളീയ സമാജത്തിലേക്ക്. സമാജം ഫിലിം ക്ലബിെൻറ ആഭിമുഖ്യത്തിൽ രാജേഷ് സോമൻ കഥയും തിരക്കഥയും സംവിധാനവും ജീവൻ പത്മനാഭൻ ഛായാഗ്രഹണവും നിർവഹിച്ച് വിനോദ് അളിയത്തിെൻറ മേൽനോട്ടത്തിൽ നിർമിച്ച 'നിയതം' എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് മനോഹരൻ പാവറട്ടി മികച്ച നടനുള്ള അവാർഡിന് അർഹനായത്. കോൺവെക്സ് മീഡിയയുടെ ബാനറിൽ അജിത് നായർ കഥയും തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച് നിർമിച്ച 'മിസ്റ്റ്' എന്ന സിനിമയിലെ അഭിനയത്തിലൂടെ ഓഡ്രി മറിയം ഹെനെസ്റ്റ് മികച്ച നടിക്കുള്ള അവാർഡിനും അർഹയായി. ഈ രണ്ടു സിനിമകളും പൂർണമായും ബഹ്റൈനിൽ ആണ് ചിത്രീകരണം പൂർത്തീകരിച്ചത്.
കോവിഡ് മഹാമാരിക്കാലത്തെ പ്രവാസികളുടെ നൊമ്പരങ്ങൾ നാട്ടിലെ കുടുംബ പശ്ചാത്തലങ്ങൾ കൂടി കോർത്തിണക്കിയതായിരുന്നു 'നിയതം'. സുകുമാരൻ എന്ന കഥാപാത്രത്തെയാണ് മനോഹരൻ പാവറട്ടി അവതരിപ്പിച്ചത്. നാടക അഭിനയം, സംവിധാനം, കഥാപ്രസംഗം എന്നിങ്ങനെ കലയുടെ വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിക്കുന്നതോടൊപ്പം സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സമാജത്തിെൻറ മുൻനിര പ്രവർത്തകൻ കൂടിയാണ് മനോഹരൻ പാവറട്ടി. 2014ൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള സ്പെഷൽ ജൂറി പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി.
രക്ഷിതാക്കൾപോലും അറിയാതെ പ്രമുഖ ചാനൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ പോകുന്ന കുട്ടി നേരിടുന്ന വിഷമഘട്ടങ്ങൾ തുറന്നുകാട്ടുന്നതാണ് 'മിസ്റ്റ്' എന്ന ടെലി ഫിലിം. ഓഡ്രിയുടെ അഭിനയ മികവിെൻറ സാക്ഷ്യം കൂടിയാണ് ഈ അവാർഡ്. മികച്ച നടൻ, മികച്ച നടി എന്നീ രണ്ട് അവാർഡുകൾ ബഹ്റൈൻ കേരളീയ സമാജത്തിലേക്ക് എത്തിച്ചേർന്നതിൽ അഭിമാനിക്കുന്നുവെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.