ആയിരങ്ങൾ ഒഴുകിയെത്തി; എയർഷോക്ക് പ്രൗഢ സമാപനം
text_fieldsമനാമ: ആയിരങ്ങൾ ഒഴുകിയെത്തിയ ബഹ്റൈൻ ഇന്റർനാഷനൽ എയർഷോക്ക് പ്രൗഢമായ സമാപനം. മൂന്നു ദിവസം നീണ്ട എയർഷോയുടെ അവസാന ദിനം വൻ ജനസഞ്ചയമാണ് സാഖീർ എയർബേസിലെ വേദിയിലേക്കെത്തിയത്.
ഇന്റർനാഷനൽ എയർഷോയുടെ നാലാം പതിപ്പ് വൻ വിജയമാണെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അന്താരാഷ്ട്ര എയർഷോയുടെ അടുത്ത പതിപ്പ് 2026 നവംബർ 18 മുതൽ 20 വരെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ എയർഷോയിൽ 59 രാജ്യങ്ങളിൽനിന്നുള്ള 226 സിവിലിയൻ, സൈനിക പ്രതിനിധികൾ പങ്കെടുത്തു. ആഗോള എയ്റോസ്പേസ് സ്ഥാപനങ്ങൾ ഉൾപ്പെടെ 177 ഓർഗനൈസേഷനുകളിൽനിന്നുള്ള പങ്കാളിത്തവും ഉണ്ടായിരുന്നു. 125ലധികം വിമാനങ്ങൾ പ്രദർശിപ്പിച്ചു.
വിമാനങ്ങളുടെ എണ്ണത്തിൽ 2022ലെ എയർഷോയേക്കാൾ 25 ശതമാനം വർധനയുണ്ടായി. 78 കമ്പനികൾ എക്സിബിഷനിൽ പങ്കെടുത്തു. അതിൽ 80 ശതമാനവും വിദേശ സ്ഥാപനങ്ങളായിരുന്നു. അടുത്ത എഡിഷനിൽ ഇവന്റ് കൂടുതൽ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആഗോള വ്യോമയാനം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, സുസ്ഥിരത എന്നിവ സംബന്ധിച്ചുള്ള സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടന്നു. ലോകമെമ്പാടുമുള്ള വ്യോമയാന രംഗത്തെ വിദഗ്ധർ പരിപാടികളിൽ പങ്കെടുക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്തു.
പുതിയ സാങ്കേതിക വിദ്യകളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ രാജ്യം പ്രതിജ്ഞബദ്ധമാണ്. വ്യോമയാന മേഖലയിലേതടക്കം നൂതന പ്രവണതകളെ താൽപര്യത്തോടെ രാജ്യം പിന്തുടരുമെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം എയർബസ് ഹെലികോപ്ടറുകൾ വാങ്ങും
മനാമ: ബഹ്റൈൻ നാഷനൽ സ്പേസ് സയൻസ് ഏജൻസി യു.എ.ഇയുടെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററുമായി സഹകരണ കരാറിൽ ഒപ്പുവെക്കുന്നതിന് എയർഷോ വേദിയായി. ആഭ്യന്തര മന്ത്രാലയം എയർബസ് ഹെലികോപ്ടറുകൾ വാങ്ങാനുള്ള കരാറിലും ഒപ്പിട്ടു.
അടുത്ത വർഷത്തോടെ യു.എസിലേക്ക് ഗൾഫ് എയറിന്റെ നേരിട്ടുള്ള സർവിസുകൾ
മനാമ: അടുത്ത വർഷത്തോടെ അമേരിക്കയിലേക്ക് ഗൾഫ് എയറിന്റെ നേരിട്ടുള്ള സർവിസുകൾ തുടങ്ങും. ഇതിനാവശ്യമായ FAA കാറ്റഗറി വൺ സർട്ടിഫിക്കേഷൻ ബഹ്റൈന് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.