‘സ്വാതന്ത്ര്യത്തിന്റെ നാൾവഴികളിലൂടെ’ -റയ്യാൻ സെമിനാർ
text_fieldsമനാമ: ഭരണ സിരാകേന്ദ്രങ്ങളുപയോഗിച്ച് യഥാർഥ സ്വാതന്ത്ര്യ ചരിത്രത്തെപ്പോലും രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയും സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനും സമ്പത്തും ത്യജിച്ചവരെ ചരിത്ര പുസ്തകങ്ങളിൽനിന്നും സ്കൂൾ സിലബസുകളിൽനിന്നും അടർത്തിമാറ്റി സ്വാതന്ത്ര്യ സമരത്തിനെതിരെ പ്രവർത്തിച്ചവർ രാജ്യസ്നേഹികളായി ചമയുകയും ചെയ്യുന്ന വർത്തമാന കാലത്ത് യഥാർഥ സ്വാതന്ത്ര്യ സമരത്തെയും അതിനുവേണ്ടി ജീവത്യാഗം ചെയ്തവരെയും സ്മരിച്ചുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ‘സ്വാതന്ത്ര്യത്തിന്റെ നാൾവഴികളിലൂടെ’ എന്ന സെമിനാർ ശ്രദ്ധേയമായി.
താൻ പ്രാർഥന നിർവഹിച്ചു എന്ന ഒറ്റക്കാരണത്താൽ മുസ്ലിംകളെങ്ങാനും താൻ നമസ്കരിച്ച ക്രിസ്ത്യൻ പള്ളിക്ക് അവകാശവാദമുന്നയിക്കുമോ എന്ന് ഭയന്ന് ക്രിസ്ത്യൻ പള്ളിയിൽ നമസ്കരിക്കാൻ വിസമ്മതിച്ച ഖലീഫ ഉമറിന്റെ ഭരണമാണ് സ്വതന്ത്ര ഇന്ത്യയിൽ താൻ വിഭാവനം ചെയ്യുന്നതെന്ന് സ്വാതന്ത്ര്യ ലബ്ധിക്കുശേഷം പത്രക്കാരുടെ ചോദ്യത്തിനു മറുപടി പറഞ്ഞ ഗാന്ധിജിയെ വധിച്ചവർ ഇന്ന് സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായി ചമയുന്ന കാഴ്ച കൗതുകമുളവാക്കുന്നു.
സ്വന്തം രാജ്യത്തെയും സ്വത്തിനെയും സംരക്ഷിക്കാൻ ചെറുത്തുനിന്ന് ജീവത്യാഗം ചെയ്തവരെ ഭീകരവാദികളായും വിഭജന വാദികളായും ചിത്രീകരിക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, യഥാർഥ ഇന്ത്യാ ചരിത്രം പഠന വിധേയമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
പ്രമുഖ മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ‘സ്വതന്ത്ര ഇന്ത്യ, ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിലും, കെ.എം.സി.സി പ്രതിനിധി റഫീഖ് തോട്ടക്കര ‘പോരാട്ടത്തിലെ മുസ്ലിം മുഖങ്ങൾ’ എന്ന വിഷയത്തിലും അൽ മന്നായി പ്രബോധകൻ സമീർ ഫാറൂഖി ‘ആധുനിക ഇന്ത്യ മുസ്ലിം ദൗത്യം’ എന്ന വിഷയത്തിലും സംസാരിച്ചു.
സാദിഖ് ബിൻ യഹ്യ മോഡറേറ്ററായിരുന്നു. തണൽ ബഹ്റൈൻ ഭാരവാഹി റഷീദ് മാഹി ആശംസകളർപ്പിച്ചു. ലത്തീഫ് ചാലിയം സ്വാഗതവും നഫ്സിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.