ടിക്കറ്റ് നിരക്ക്: ബഹ്റൈൻ പ്രവാസികളോട് എന്തിനീ വിവേചനം?
text_fieldsമനാമ: വിമാന ടിക്കറ്റ് നിരക്കിെൻറ കാര്യത്തിൽ ബഹ്റൈൻ പ്രവാസികളോട് എയർ ഇന്ത്യ എക്സ്പ്രസിെൻറ വിവേചനമെന്ന് പരാതി. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് ഇൗടാക്കുന്നതിലും വളരെ ഉയർന്ന നിരക്കാണ് ബഹ്റൈനിലേക്ക്. എയർ ഇന്ത്യ എക്സ്പ്രസിെൻറ നിലപാടിനെതിരെ അധികൃതർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് പ്രവാസികൾ. മാർച്ച് 17ന് കോഴിക്കോടുനിന്ന് ബഹ്റൈനിലേക്ക് 38,993 രൂപയാണ് ടിക്കറ്റ് നിരക്ക്. അതേസമയം, ഇതിനടുത്ത ദിവസങ്ങളിൽ മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് ഇതിനേക്കാൾ വളരെ കുറഞ്ഞ നിരക്കാണ്. അബൂദബിയിലേക്ക് 9930 രൂപ, ദോഹയിലേക്ക് 10,087 രൂപ, ദുബൈയിലേക്ക് 8355 രൂപ, മസ്കത്തിലേക്ക് 17,286 രൂപ, ഷാർജയിലേക്ക് 8093 രൂപ എന്നിങ്ങനെയാണ് നിരക്ക്. ചില ദിവസങ്ങളിൽ നിരക്കിൽ ചെറിയ മാറ്റമുണ്ട്.
ഇന്ത്യയും ബഹ്റൈനും തമ്മിൽ ഒപ്പുവെച്ച എയർ ബബ്ൾ ധാരണ പ്രകാരമാണ് ഇപ്പോൾ വിമാന സർവിസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് മാർച്ച് 24 വരെയുള്ള ഷെഡ്യൂൾ ആണ് നിലവിലുള്ളത്.
എമിറേറ്റ്സ്, എയർ അറേബ്യ എന്നിവ കുറഞ്ഞ നിരക്കിൽ ബഹ്റൈനിലേക്ക് കണക്ഷൻ സർവിസ് നടത്തുന്നുണ്ട്. എന്നാൽ, ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനി അൽപം പോലും ദാക്ഷിണ്യം കാണിക്കുന്നില്ലെന്നാണ് പ്രവാസികളുടെ പരാതി. ഗൾഫ് എയറും ഉയർന്ന നിരക്കാണ് ഇൗടാക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് കുറച്ചാൽ ഗൾഫ് എയറും അതിന് നിർബന്ധിതരാകുമെന്ന് പ്രവാസികൾ പറയുന്നു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കോവിഡ് നിബന്ധനകൾ പ്രവാസികളുടെ യാത്രാച്ചെലവ് കുത്തനെ കൂട്ടിയിരിക്കുകയാണ്. യാത്ര പുറപ്പെടുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്താൻ തുക കണ്ടെത്തണം. നാട്ടിലെത്തിയാൽ വീണ്ടും പരിശോധന നടത്തണം. കേരളത്തിലെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന സൗജന്യമാക്കുമെന്ന പ്രഖ്യാപനമാണ് അൽപം ആശ്വാസമായത്. അവധിക്ക് നാട്ടിൽ പോയി തിരികെ വരുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസിെൻറ അമിത നിരക്ക് മറ്റൊരു ഭാരമായി.
ബഹ്റൈനിലേക്കുള്ള നിരക്ക് കുറക്കാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. പ്രവാസികളുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ ഇതുസംബന്ധിച്ച ചർച്ചകൾ സജീവമാണ്. വിവിധ സ്ഥലങ്ങളിലേക്കുള്ള വിവിധ എയർലൈൻസുകളുടെ നിരക്കുകൾ താരതമ്യം ചെയ്താണ് എയർ ഇന്ത്യ എക്സ്പ്രസിെൻറ ഉയർന്ന നിരക്കിനെ പ്രവാസികൾ ചോദ്യം ചെയ്യുന്നത്. അതേസമയം, എയർ ബബ്ൾ കരാർ പ്രകാരം കൊണ്ടുവരാവുന്ന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണമുള്ളതാണ് നിരക്ക് കൂടാൻ കാരണമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ ആഴ്ചയിൽ 750 യാത്രക്കാരെയാണ് കൊണ്ടുവരാൻ അനുമതിയുള്ളത്. ഒരു വിമാനത്തിൽ 110ൽ താഴെ യാത്രക്കാരെയാണ് കയറ്റാവുന്നത്. കൂടുതൽ യാത്രക്കാരെ കൊണ്ടുവരാൻ അനുമതി ലഭിക്കുേമ്പാൾ നിരക്കു കുറയുമെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.