കേരളീയ സമാജത്തിൽ ഇന്ന് പുലികളിറങ്ങും
text_fieldsമനാമ: ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ബഹ്റൈൻ കേരളീയ സമാജത്തിൽ പുലികളി അരങ്ങേറും. ആധുനിക തൃശൂരിന്റെ ശിൽപിയും തൃശൂർ പൂരത്തിന്റെ ഉപജ്ഞാതാവുമായ ശക്തൻ തമ്പുരാന്റെ നേതൃത്വത്തിൽ തൃശൂരിലെ ജനങ്ങളുടെ പ്രാദേശിക വിനോദകലയായി വികസിച്ച പുലികളി ഇന്ന് ഓണാഘോഷങ്ങളുടെ അവിഭാജ്യഘടകമാണ്.
ശരീരം മുഴുവൻ പുലിസമാനമായ വരകളും കുറികളും കൂടാതെ പുലിമുഖം ധരിച്ച് ചെണ്ടയുടെ രൗദ്രസംഗീതത്തോടൊപ്പം അരമണി കുലുക്കി ഉത്സവാന്തരീക്ഷത്തിലാണ് നൂറിലധികം പുലിവേഷധാരികൾ അരങ്ങത്തെത്തുകയെന്നും കേരളത്തിന് പുറത്ത് വിദേശ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പുലികളിയാണ് സമാജത്തിൽ സംഘടിപ്പിക്കുന്നതെന്നും ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
കേരളത്തിലെ പ്രാദേശിക വിനോദകലാരൂപത്തെ പുതിയ തലമുറക്കും മലയാളി ഇതര സമൂഹത്തിനും പരിചയപ്പെടുത്താൻ പുലികളിക്ക് സാധിക്കുമെന്ന് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു. ഓണാഘോഷ കമ്മിറ്റി കൺവീനർ സുനേഷ് സാസ്ക്കോ, പുലികളിയുടെ കൺവീനർ അർജുൻ ഇത്തിക്കാട് എന്നിവരുടെ നേതൃത്വത്തിൽ ചിത്രകലാ ക്ലബിന്റെ സഹകരണത്തോടെയാണ് പുലികളിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ മുൻ കേരള സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് മുഖ്യാഥിതിയായി പങ്കെടുക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.