ഉംറ തീർഥാടകർ അറിയാൻ
text_fieldsകോവിഡ് മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ ഉംറ തീർഥാടകരുടെ എണ്ണവും വർധിച്ചു. റമദാനിലെ ഉംറ ഒരു ഹജ്ജിന്റെ പ്രതിഫലം നൽകുമെന്നാണ് പ്രവാചക മൊഴി. അതിനാൽതന്നെ, റമദാൻ കാലത്ത് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുക.
നേരത്തേ, സൗദി അറേബ്യ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഉംറക്ക് പോകാൻ സാധിച്ചിരുന്നുള്ളൂ. ഇപ്പോൾ സാഹചര്യം മാറി. തീർഥാടകരുടെ എണ്ണം വർധിച്ചതോടെ ഉംറ യാത്രച്ചെലവും ക്രമാതീതമായി ഉയർന്നു. മുമ്പ് 60-65 ദീനാറിന് ബഹ്റൈനിൽനിന്ന് റോഡ് മാർഗം ഉംറ തീർഥാടനം നിർവഹിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇപ്പോൾ 180 ദീനാറോളം ചെലവുവരും. വിസ, ബസ് യാത്ര, ഹോട്ടൽ താമസം എന്നിവ ഉൾപ്പെടെയാണ് ഇത്. ഭക്ഷണത്തിനുള്ള ചെലവ് സ്വന്തമായി വഹിക്കണം.
റോഡ് മാർഗമാണെങ്കിൽ, ഏതെങ്കിലും ഉംറ ഗ്രൂപ് മുഖേനയാണ് തീർഥാടകർ പോകുന്നത്. സംഘത്തിനൊപ്പമുള്ള ഗൈഡ് എല്ലാ കാര്യങ്ങളും വിശദീകരിക്കും. വിമാനമാർഗം പോകുന്നവർക്ക് ഗ്രൂപ് മുഖേനയോ സ്വന്തം നിലക്കോ പോകാം. എന്നാൽ, വിമാനമാർഗം പോകുന്നതിന് 500 ദീനാറോളം ചെലവുവരും. റമദാൻ കഴിഞ്ഞ് ഒരുമാസം കൂടിയാണ് വിദേശികൾക്ക് ഉംറ സാധിക്കുക. തുടർന്ന് ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി വിദേശികളുടെ ഉംറ നിർത്തിവെക്കും.
തീർഥാടകരുടെ ബഹ്റൈനിലെ വിസക്കും പാസ്പോർട്ടിനും ആറു മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടാകണം. കോവിഡ് വാക്സിൻ സ്വീകരിച്ചതിെന്റ മഞ്ഞ ബുക്ക് സൂക്ഷിക്കണം. തീർഥാടകർ മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ച് സ്വയം സുരക്ഷിതരാകുന്നതിനൊപ്പം മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തണം.
നേരത്തേ, ഉംറ തീർഥാടകർ സൗദിയുടെ തവക്കൽന, ഇഅ്തമർന ആപ്പുകൾ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണമായിരുന്നു. അതിൽ അപ്പോയിന്റ്മെന്റ് ലഭിക്കുന്നതിനനുസരിച്ചാണ് ഉംറ നിർവഹിക്കാൻ കഴിഞ്ഞിരുന്നത്. ഇപ്പോൾ അതിെന്റ ആവശ്യമില്ല. ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസയിൽ ബഹ്റൈനിൽ വന്നവർക്കും വിമാന മാർഗം ഉംറ നിർവഹിക്കാൻ ഇപ്പോൾ വിസ ലഭിക്കുന്നുണ്ട്.
ബഹ്റൈനിലെ എല്ലാ ഗ്രൂപ്പുകളും ആഴ്ചയിൽ ഒന്നോ രണ്ടോ ഉംറ സർവിസ് നടത്തുന്നുണ്ട്. 10 ദിവസത്തെയും അഞ്ച് ദിവസത്തെയും പാക്കേജുകൾ ഓപറേറ്റർമാർ നൽകുന്നു. ചില സംഘങ്ങൾ ആദ്യം മക്കയിൽ എത്തി പിന്നീട് മദീനയിലേക്കും ചിലർ തിരിച്ചുമാണ് സർവിസ് നടത്തുന്നത്. ഉംറ നിർവഹിക്കാൻ ഇഹ്റാം വസ്ത്രം ധരിച്ചുകൊണ്ട് ഹറമിലേക്ക് കടന്നുവരുന്നവർക്ക് സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും.
45 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കൊപ്പം ഒരു മെഹറം ഉണ്ടായിരിക്കണം.
അതേസമയം, ഹജ്ജ് ചെയ്യാൻ ബഹ്റൈന് അനുവദിച്ചിരിക്കുന്ന ക്വാട്ട സംബന്ധിച്ച് ഇനിയും അറിയിപ്പ് വന്നിട്ടില്ല. പെരുന്നാളിന് മുമ്പുതന്നെ ഇത് വരുമെന്ന പ്രതീക്ഷയിലാണ് ഹജ്ജ്, ഉംറ ഓപറേറ്റർമാർ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.