എതിർപ്പ് ചൂഷണം ചെയ്യാൻ മതത്തെ ഉപയോഗിക്കുന്ന മനുഷ്യവിരുദ്ധരോട് -പ്രകാശ് രാജ്
text_fieldsമനാമ: താൻ ഒരു മതത്തിനും വിശ്വാസത്തിനും എതിരല്ലെന്നും, എന്നാൽ മനുഷ്യനെ ചൂഷണം ചെയ്യാൻ മതത്തെ ഉപയോഗിക്കുന്ന മനുഷ്യ വിരുദ്ധർക്ക് താൻ എതിരാണെന്നും നടൻ പ്രകാശ് രാജ്. ബഹ്റൈൻ കേരളീയ സമാജത്തിൽ ബി.കെ.എസ് - ഡി.സി പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗൗരി ലങ്കേഷിനെയും കൽബുർഗിയെയും ഇല്ലാതാക്കിയാൽ അവരുടെ ആശയം ഇല്ലാതാവുമെന്ന് കരുതിയവർ ഭീരുക്കളാണ്. അവർ ആയിരം തവണ കള്ളം പറഞ്ഞ്, കള്ളത്തെ സത്യമാക്കാൻ ശ്രമിക്കുന്നു എന്നത് വ്യക്തമാണ്. എന്നാൽ, നമ്മൾ നൂറുതവണ സത്യം പറഞ്ഞുകൊണ്ടേയിരിക്കുക എന്നതാണതിനെ ചെറുക്കാനുള്ള ഏക മാർഗം.
ഒരു ഫാഷിസ്റ്റ് ശക്തിയെയും ഭയപ്പെടുന്നില്ല. ഭയം എന്നത് മരണമാണ്. മരിക്കുന്നതിനു മുമ്പുതന്നെ മരിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും പ്രകാശ് രാജ് ചോദ്യത്തിനുത്തരമായി പറഞ്ഞു. ഫാഷിസ്റ്റ് വ്യവസ്ഥയും ഭരണവും ചരിത്രത്തിലുണ്ടായിട്ടുണ്ട്. എന്നാൽ, അതൊന്നും സ്ഥായിയായി നിലനിന്നിട്ടില്ല. അതുകൊണ്ടുതന്നെ ഭാവി ശുഭകരമാകുമെന്നാണ് കരുതുന്നത്.
രാഷ്ടീയ വിശ്വാസങ്ങളും പ്രവർത്തനവും മൂലം പല നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. പല സിനിമകളും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, അങ്ങനെ വരുമ്പോൾ നമ്മുടെ കഴിവുകൊണ്ട് അതിനെ നേരിടുകയാണ് വേണ്ടത്. സിനിമയിൽ ആരും വിളിച്ചില്ലെങ്കിൽ സ്വന്തമായി സിനിമ നിർമിക്കണം. ഞാൻ നിർമാതാവിന്റെ കുപ്പായം അണിഞ്ഞിട്ടുണ്ട്. ഫാമിങ് ഉണ്ട്. ധാരാളമായി യാത്ര ചെയ്യുന്നുണ്ട്. അതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. അതുകൊണ്ട് എന്റെ വായടപ്പിക്കാമെന്നും തകർക്കാമെന്നും ആരും കരുതേണ്ടതില്ല.
ഫലസ്തീനിയൻ കവി മർവാൻ മഖൂലിന്റെ വരികളാണ് ഈ അവസരത്തിൽ ഓർമിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുദ്ധവിരുദ്ധ പ്രതിഷേധക്കാർ അത് ഏറ്റുചൊല്ലിക്കൊണ്ടിരിക്കുന്നു. ‘‘രാഷ്ട്രീയം ഇല്ലാത്ത ഒരു കവിത എഴുതണമെങ്കിൽ എനിക്കാദ്യം കിളികളുടെ പാട്ട് കേൾക്കണം.
കിളികളുടെ പാട്ട് കേൾക്കണമെങ്കിൽ യുദ്ധവിമാനങ്ങൾ നിശ്ശബ്ദമാകണം’’. എന്നതാണത്. പാബ്ലോ നെരൂദയൂടെ ‘വരൂ ഈ തെരുവിലെ രക്തം കാണൂ!’ എന്ന കവിതയും ഇതേ ആശയമാണ് പ്രസരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. രവി ഡി.സി, സമാജം ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
രാഷ്ട്രീയം ഇല്ലാത്ത ഒരു കവിത
എഴുതണമെങ്കിൽ
എനിക്കാദ്യം കിളികളുടെ
പാട്ട് കേൾക്കണം
കിളികളുടെ പാട്ട്
കേൾക്കണമെങ്കിൽ
യുദ്ധവിമാനങ്ങൾ
നിശ്ശബ്ദമാകണം
- മർവാൻ മഖൂൽ (ഫലസ്തീനിയൻ കവി)
നിങ്ങൾ ചോദിക്കും:
“എന്തുകൊണ്ടാണ് നിങ്ങളുടെ കവിത
സ്വപ്നത്തെക്കുറിച്ച്, ഇലകളെക്കുറിച്ച്, പൂക്കളെക്കുറിച്ച്
നിങ്ങളുടെ നാട്ടിലെ അഗ്നിശൈലങ്ങളെക്കുറിച്ച് പാടാത്തതെന്ന്?”
വരൂ ഈ തെരുവിലെ രക്തം
കാണൂ!
വരൂ ഈ തെരുവിലെ രക്തം
കാണൂ..
- നെരൂദ (ചിലിയൻ കവി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.