ബഹ്റൈൻ 52ാം ദേശീയദിനാഘോഷം ഇന്ന്
text_fieldsമനാമ: ആഹ്ലാദത്തിന്റെ വർണപ്പൂത്തിരികൾ കത്തിച്ചുകൊണ്ട് അമ്പത്തിരണ്ടാം ദേശീയ ദിനം ആഘോഷിക്കുകയാണ് ബഹ്റൈൻ. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മഹനീയ സന്ദേശം ലോകത്തിനു മുന്നിൽ പകർന്നുനൽകിക്കൊണ്ടിരിക്കുന്ന പവിഴദ്വീപ് വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്കാണ് നടന്നുകയറിക്കൊണ്ടിരിക്കുന്നത്. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ കരുതലിന്റെ കരം എല്ലാവരുടെയും നേർക്ക് നീട്ടുന്ന രാജ്യം ലോക രാജ്യങ്ങളുടെ മുന്നിൽ എന്നും തലയുയർത്തിനിൽക്കുന്നു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തിൽ അഭിമാനാർഹങ്ങളായ നേട്ടങ്ങളാണ് ബഹ്റൈൻ കൈവരിച്ചത്. അടിസ്ഥാനസൗകര്യ വികസനത്തിൽ രാജ്യം എന്നും മുന്നിലായിരുന്നു. പവിഴ ഖനനത്തിന്റെ പേരിൽ നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ പ്രശസ്തമായ ഈ ദ്വീപസമൂഹം ഇന്ന് ഭരണാധികാരികളുടെ ഉജ്ജ്വല നേതൃത്വത്തിനു കീഴിൽ ലോകത്തെ ആധുനികമായ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന വിധത്തിൽ അത്ഭുതകരമായ പുരോഗതി നേടിയിരിക്കുന്നു. ഇക്കണോമിക് വിഷൻ 2030 ആവിഷ്കരിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ ഭൂമികകളിലേക്ക് കുതിക്കുകയാണ് രാജ്യം.
കഴിഞ്ഞ കാലങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ അനുസ്മരിക്കുന്നതിനും ശോഭനമായ ഭാവിയെ പ്രതീക്ഷകളോടെ വരവേൽക്കാനുമുള്ള അവസരമാണ് ദേശീയ ദിനം ഒരുക്കുന്നത്. ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളും ദേശീയദിനാഘോഷവുമായി സജീവമായി രംഗത്തുണ്ട്.
രാജ്യമെങ്ങും ബഹ്റൈൻ ദേശീയപതാകയുടെ നിറങ്ങളാൽ അലങ്കാരമൊരുക്കി ജനങ്ങളെല്ലാവരും ഭേദചിന്തയില്ലാതെ ആഘോഷത്തിൽ പങ്കുചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.