ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം കരുണയുടെ മാലാഖമാർ
text_fieldsഡോ. വിഷ്ണു രഞ്ജിത്
1965 മുതൽ ഇൻറർനാഷനൽ കൗൺസിൽ ഓഫ് നഴ്സസ് ഈ ദിനം ആഘോഷിച്ചു വന്നിരുന്നുവെങ്കിലും 1974ൽ ആണ് ഈ ദിനം അന്താരാഷ്ട്ര നഴ്സസ് ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. ഇന്ന് ലോകമെമ്പാടും മേയ് ആറു മുതൽ 12 വരെ നഴ്സസ് വാരമായും ഫ്ലോറൻസ് നൈറ്റിങ്ഗേലിെൻറ ജന്മദിനമായ മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായും ആചരിക്കുന്നു. നഴ്സിങ് പ്രഫഷനും അതിലെ നൂതന മാറ്റങ്ങളും ഭാവി ആരോഗ്യ മേഖലയെ എങ്ങനെ മുന്നാട്ടുനയിക്കാൻ സഹായകരമാകുന്നു എന്നതാണ് ഈ വർഷത്തെ നഴ്സസ് ദിന പ്രമേയത്തിെൻറ ഉള്ളടക്കം. ഇറ്റലിയിലെ ഫ്ലോറൻസിൽ ഫ്രാൻസിസ് നൈറ്റിങ്ഗേലിെൻറയും വില്യം നൈറ്റിങ്ഗേലിെൻറയും മകളായി 1820 മേയ് 12നാണ് ഫ്ലോറൻസ് നൈറ്റിങ്ഗേൽ ജനിച്ചത്.
ബ്രിട്ടനും ഫ്രാൻസും ചേർന്ന് റഷ്യക്ക് എതിരായി 1854ൽ ക്രിമിയൻ യുദ്ധം ഉണ്ടായപ്പോൾ മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാൻ യുദ്ധത്തലവൻ സിഡ്നി ഹെർബെർട്ട് നൈറ്റിങ്ഗേലിനെ ചുമതലപ്പെടുത്തി. ആതുര സേവനരംഗത്തേക്ക് കടന്നുവന്ന അവരുടെ ജീവിതത്തിൽ വഴിത്തിരിവായത് ഈ യുദ്ധകാലത്തെ പ്രവർത്തനങ്ങൾ ആണ്. 1859ൽ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിലെക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയായി. 1860ൽ പ്രഫഷനൽ നഴ്സിങ് വിദ്യാഭ്യാസത്തിനു തുടക്കമിട്ട് ലണ്ടനിലെ സെൻറ് തോമസ് ആശുപത്രിയിൽ അവർ നഴ്സിങ് സ്കൂൾ സ്ഥാപിച്ചു. ഇത് ലോകമെമ്പാടും നഴ്സിങ് വിദ്യാഭ്യാസത്തിന് പുത്തൻ ഉണർവേകി. പകർച്ചവ്യാധികൾ തടയാനും രോഗവ്യാപനം ചെറുക്കാനും അവർ നൽകിയ സംഭാവനകൾ ലോകം കോവിഡിനെ നേരിടുന്ന ഈ കാലഘട്ടത്തിലും പ്രസക്തമാണെന്ന് ലോക സാമ്പത്തിക സംഘടന പരാമർശിക്കുകയുണ്ടായി.
നഴ്സിങ്ങിെൻറ സാധ്യതകൾ
ഇന്ന് ലോകമെമ്പാടും വലിയ തൊഴിൽ സാധ്യതയുള്ള മേഖലയാണ് നഴ്സിങ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ആരോഗ്യ മേഖലയിലെ 59 ശതമാനം പ്രഫഷനലുകളും നഴ്സുമാരാണ്. എങ്കിലും, ഇന്ന് ലോകത്താകമാനം നഴ്സുമാരുടെ ഗണ്യമായ കുറവുണ്ട്. 2030ഒാടെ ലോകത്തിൽ 10 ദശലക്ഷം നഴ്സുമാരുടെ ദൗർലഭ്യം ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഉയർന്ന ശമ്പളവും വലിയ ജോലിസാധ്യതകളും ഉള്ള തൊഴിലായി നഴ്സിങ് നിലകൊള്ളുന്നത് ഇതിനാലാണ്.
ഇന്ന് നഴ്സിങ്ങിൽ ബിരുദാനന്തര ബിരുദം, നഴ്സ് പ്രാക്ടിഷനർ, എം.ഫിൽ, ഡോക്ടറേറ്റ് എന്നീ പഠന സാധ്യതകളും ഉണ്ട്. ബഹ്റൈനിൽ റോയൽ കോളജ് ഓഫ് സർജൻസ്, മെഡിക്കൽ യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈൻ, യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈൻ എന്നീ സ്ഥാപനങ്ങൾ നഴ്സിങ് കോഴ്സുകൾ നടത്തുന്നു.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. കാരുണ്യത്തിെൻറയും സേവന സന്നദ്ധതയുടെയും പ്രത്യാശയുടെയും പ്രതീകമായി ലോകത്തിെൻറ എല്ലാ കോണിലും ഒരു മലയാളി നഴ്സ് ഉണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാം.(അയർലൻഡിലെ റോയൽ കോളജ് ഓഫ് സർജൻസിൽ നഴ്സിങ് വിഭാഗം അധ്യാപകനും ഗവേഷകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.