ഇന്ന് ലോക രക്തദാന ദിനം: ജീവൻ പകർന്നുനൽകി സാബു മുന്നോട്ട്
text_fieldsമനാമ: രക്തം ജീവനാണ്. ആ രക്തം നൽകുന്നത് ജീവൻ നൽകുന്നതിന് തുല്യവും. അങ്ങനെ ജീവൻ പകർന്നുനൽകി സ്നേഹത്തിെൻറ പുതിയ പാഠങ്ങൾ രചിക്കുകയാണ് മാവേലിക്കര വഴുവാടി സ്വദേശിയായ സാബു തോമസ്.
ഇതുവരെ 62 തവണയാണ് അദ്ദേഹം സ്വന്തം ജീവരക്തം അപരന് പകർന്നത്. അതുവഴി സ്വന്തം ജീവിതം രക്തദാനത്തിെൻറ മഹാസന്ദേശമാക്കി മാറ്റുകയാണ് സാബു തോമസ്. ആദ്യ രക്തദാനത്തിെൻറ ആവേശത്തോടെയാണ് 53ാം വയസ്സിലും രക്തം നൽകാൻ സൽമാനിയ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ ചെല്ലുന്നത്.
സൽമാനിയയിൽ അൽ ഫൈഹ എന്ന പേരിൽ ഇലക്ട്രിക്കൽ കോൺട്രാക്ടിങ് കമ്പനി നടത്തുന്ന സാബു 1992ലാണ് ബഹ്റൈനിൽ എത്തിയത്. നാട്ടിൽ ഒന്നു രണ്ടുതവണ രക്തദാനം നടത്തിയിരുന്നു. പിതാവും സഹോദരനും രക്തദാനത്തിൽ തൽപരരായിരുന്നു. ഇത് കണ്ടാണ് സാബുവും ഇൗ പാതയിൽ എത്തിയത്. കേരളീയ സമാജം 2000ൽ സംഘടിപ്പിച്ച ക്യാമ്പിലാണ് ബഹ്റൈനിലെ ആദ്യ രക്തദാനം നടത്തിയത്.
പിന്നീട് രക്തദാനം ആവേശമായി. എ 2 പോസിറ്റിവ് എന്ന അപൂർവ രക്തഗ്രൂപ്പിനിടയായ ഇദ്ദേഹത്തെ തേടി നിരന്തരം വിളി എത്തി. ഇപ്പോൾ 90 ദിവസം കൂടുേമ്പാൾ സൽമാനിയ ബ്ലഡ് ബാങ്കിൽനിന്ന് വിളിക്കാറുണ്ടെന്ന് സാബു പറയുന്നു. കോവിഡ്-19 തുടങ്ങിയതിനുശേഷം ആവശ്യം കൂടി. കഴിഞ്ഞ ആഴ്ചയാണ് അവസാന രക്തദാനം നടത്തിയത്. ആരാണ് ആവശ്യക്കാരൻ എന്നറിയാതെയാണ് രക്തം കൊടുക്കുന്നത്. അതുതന്നെയാണ് ഏറ്റവും വലിയ പുണ്യമെന്നും ഇദ്ദേഹം പറയുന്നു. ഒരു പരിചയവുമില്ലാത്ത ആളുകൾക്കുവേണ്ടി രക്തം നൽകുന്നത് സുകൃതമായാണ് ഇദ്ദേഹം കരുതുന്നത്.
രക്തം നൽകിയശേഷം ഉന്മേഷം കൂടുകയാണ് ചെയ്യുന്നതെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ച് ക്ഷീണം തോന്നാറില്ല. രക്തദാനത്തിനുശേഷം പാലും മുട്ടയും ജ്യൂസുമൊക്കെ കഴിക്കും. ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികളും മീനും ഇൗന്തപ്പഴവും കഴിക്കും.
ഇദ്ദേഹത്തിെൻറ സേവനം മുൻനിർത്തി തണൽ ബഹ്റൈനും സെൻറ് മേരീസ് ഒാർത്തഡോക്സ് ചർച്ചും ആദരിച്ചിരുന്നു. വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാൻ വഴിയൊരുക്കുന്ന മഹദ്കൃത്യമാണ് രക്തദാനമെന്നും കൂടുതൽ പേർ മുന്നോട്ടുവരണമെന്നും അദ്ദേഹം പറയുന്നു.
ഭാര്യ സൂസൻ കോശിയും മക്കളായ ഫെബിനും ഫേബ എസിബത്തും അടങ്ങിയതാണ് ഇദ്ദേഹത്തിെൻറ കുടുംബം. മകൾ കളമശ്ശേരി രാജഗിരി എൻജിനീയറിങ് കോളജിൽ പഠിക്കുന്നു. മകൻ ബഹ്റൈനിൽ ഇന്ത്യൻ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്.രക്തദാനത്തിൽ പിതാവിെൻറ വഴിയേയാണ് മകളും. 19ാമത്തെ വയസ്സിൽ രക്തദാനം തുടങ്ങിയ ഫേബ മൂന്നുതവണ രക്തം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.