രണ്ടുവർഷത്തിനുള്ളിൽ ബഹ്റൈനിൽ 16 ഹോട്ടലുകൾകൂടി വരുമെന്ന് ടൂറിസം മന്ത്രി
text_fieldsമനാമ: 2024നും 2026നും ഇടയിൽ ബഹ്റൈനിൽ 16 ഹോട്ടലുകൾ സ്ഥാപിക്കുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി. ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈന്‍ ഇ.ഡി.ബി) സംഘടിപ്പിച്ച ഗേറ്റ് വേ ഗള്‍ഫ് 2024ന്റെ രണ്ടാം പതിപ്പിൽ ‘ജി.സി.സിയിലെ വളര്‍ച്ച ഉത്തേജകമായ ടൂറിസം’ എന്ന പാനല്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
2024ൽ നിരവധി പുതിയ ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ തുടങ്ങി. 2026 ആകുമ്പോഴേക്കും 12 പുതിയ ഹോട്ടലുകൾകൂടി വരും. ഈ വിപുലീകരണങ്ങൾ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മേഖലകളെ ശക്തിപ്പെടുത്തുമെന്നും ടൂറിസം വരുമാനം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകപ്രശസ്ത ഹോട്ടൽ ബ്രാൻഡുകളാണ് മുന്നോട്ടുവന്നിരിക്കുന്നത്. 3,000-ലധികം പുതിയ ഹോട്ടൽ മുറികൾ ഇതോടുകൂടി വരും.
പ്രമുഖ പ്രാദേശിക ടൂറിസം ഹബ് എന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും. ബഹ്റൈനിലെ അനുകൂലമായ ബിസിനസ് അന്തരീക്ഷം, നിക്ഷേപ-സൗഹൃദ പ്രോത്സാഹനങ്ങൾ എന്നിവ ആഗോള നിലവാരം പുലർത്തുന്ന അഭിമാനകരമായ ഹോട്ടൽ പ്രോജക്ടുകളെ ആകർഷിക്കുന്നു. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ചെറുകിട ഇടത്തരം സംരംഭങ്ങളും ഇതുവഴി പുഷ്ടിപ്പെടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
250 മന്ത്രിമാരും ആഗോള ബിസിനസ്, വ്യവസായ നേതാക്കളും പങ്കെടുത്ത ഗേറ്റ് വേ ഗള്‍ഫ് 2024ന്റെ രണ്ടാം പതിപ്പ് സമാപിച്ചു. ഫോറം ടൂറിസം, മാനുഫാക്ചറിങ്, ബാങ്കിങ്, സ്പോര്‍ട്സ്, വിനോദം എന്നിവയുള്‍പ്പെടെ ഗള്‍ഫ് മേഖലയിലെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ഹുമൈദാന്‍ ‘ബാങ്കിങ്ങിന്റെ അടുത്ത പത്തുവര്ഷങ്ങള്’ എന്ന പാനലില്‍ രാജ്യത്തിന്റെ വികസിച്ചുവരുന്ന സാമ്പത്തിക മേഖലയെക്കുറിച്ച് സംസാരിച്ചു.
ലോഹങ്ങള്‍, ഉൽപാദനം, ഘനവ്യവസായങ്ങള്‍ എന്നിവയിലുടനീളം വൈവിധ്യവത്കരണം സംബന്ധിച്ച് അലുമിനിയം ബഹ്റൈന്‍ (അല്‍ബ) ചെയര്മാന് ഖാലിദ് അല്‍ റുമൈഹി, സംസാരിച്ചു. രാജ്യം ആഗോള ശ്രദ്ധ നേടിയതില്‍ ഫോര്‍മുല വൺ(എഫ് 1) ഗണ്യമായ സ്വാധീനം ചെലുത്തിയെന്ന് ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് (ബി.ഐ.സി) ചീഫ് എക്സിക്യൂട്ടിവ് ശൈഖ് സല്മാന് ബിന്‍ ഈസ ആല് ഖലീഫ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.