അവധിക്കാലം; ടൂറിസം മേഖലയിൽ വലിയ ഉണർവ്
text_fieldsമനാമ: ബലിപെരുന്നാൾ അവധിയും വേനലവധിയും ഒരുമിച്ചെത്തിയതോടെ ടൂറിസം മേഖലയിൽ വലിയ ഉണർവ്. പെരുന്നാൾ ആഘോഷവേളയിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള ബൃഹത് പദ്ധതി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) ആവിഷ്കരിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽനിന്നും മറ്റ് ജി.സി.സികളിൽനിന്നും സന്ദർശകർ ധാരാളമായി എത്തിയതായും ഹോട്ടൽ ബുക്കിങ്ങിലുൾപ്പെടെ വലിയ വർധനയുണ്ടായതായും അധികൃതർ അറിയിച്ചു. 2022-2026ലെ ദേശീയ ടൂറിസം നയത്തിന് അനുസൃതമായി ഒരു വർഷം നീളുന്ന പ്രവർത്തനങ്ങളാണ് ബി.ടി.ഇ.എ ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുകയും ടൂറിസം മേഖലയെ വൈവിധ്യവത്കരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ബഹ്റൈനെ പ്രമുഖ ടൂറിസം കേന്ദ്രമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 14ലധികം രാജ്യങ്ങളിൽ ഔദ്യോഗികമായി ടൂറിസം പ്രചാരണ പരിപാടികൾ ബഹ്റൈൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴിയും പ്രചാരണം നടത്തിയിരുന്നു. ഇതെല്ലാം ഫലം കണ്ടുവെന്നാണ് അവധിദിവസങ്ങളിലെ തിരക്ക് തെളിയിക്കുന്നത്. സൗദി കോസ് വേയിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ടൂറിസ്റ്റ് സ്പോട്ടുകളും ഇവന്റുകളും സന്ദർശിക്കാൻ പ്രത്യേക ടൂറിസം പാക്കേജുകളും ബി.ടി.ഇ.എ വാഗ്ദാനം ചെയ്തിരുന്നു. അൽ ദാർ ദ്വീപുകളിലും ഹവാർ ദ്വീപുകളിലും കഴിഞ്ഞ ദിവസങ്ങളിൽ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. ബിലാജ് ബീച്ചിൽ ഡൈവിങ്, കയാക്കിങ്, ഫിഷിങ്, യാച്ചിങ്, പാഡിൽ ബോർഡിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നു. അവധിക്കാലത്ത് കുടുംബങ്ങൾക്കും ദമ്പതികൾക്കുമായി പ്രത്യേക പാക്കേജുകളാണ് ഹോട്ടലുകൾ തയാറാക്കിയിരുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളും അവധിക്കാലത്ത് ഹോട്ടലുകളിലേക്ക് ഒഴുകിയെത്തി. വിവിധ ജി.സി.സി രാജ്യങ്ങളിലുള്ള മലയാളികളും പെരുന്നാൾ അവധിക്കാലത്ത് സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനായി ബഹ്റൈനിൽ എത്തി. മാളുകളിലും അനുബന്ധിച്ചുള്ള വിനോദ കേന്ദ്രങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.