സ്കൂൾ വിദ്യാർഥികൾക്ക് ട്രാഫിക് ബോധവത്കരണ ക്യാമ്പ്
text_fieldsമനാമ: ബഹ്റൈനിലെ മുൻനിര ട്രാൻസ്പോർട്ട് സേവനദാതാക്കളായ അൽമോയിഡ് ട്രാൻസ്പോർട്ട് കമ്പനി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ സഹകരണത്തോടെ ദ ന്യൂ ഇന്ത്യൻ സ്കൂളിൽ ട്രാഫിക് ബോധവത്കരണ ക്യാമ്പും വാഹന പരിശോധനയും നടത്തി. വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിന് റോഡ് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്യാമ്പിന് നേതൃത്വം നൽകിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണം നൽകി.
ക്യാമ്പിനുശേഷം സ്കൂൾ വളപ്പിലെ അമ്പതോളം സ്കൂൾ ബസുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ആവശ്യമായ നിർദേശങ്ങളും നൽകി. അടുത്തിടെയായി ട്രാഫിക് നിയമലംഘനങ്ങൾ വർധിച്ചിരുന്നു. സുരക്ഷിത യാത്രക്ക് ഗതാഗത നിയമങ്ങൾ അനുസരിച്ചേ മതിയാകൂവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കാൻ മുന്നോട്ടുവന്ന അൽമോയിഡ് ട്രാൻസ്പോർട്ട് കമ്പനി പ്രതിനിധികളെയും സംവിധാനങ്ങൾ ഒരുക്കിയ സ്കൂൾ അധികൃതരെയും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ അനുമോദിച്ചു.
വിദ്യാർഥികൾക്ക് റോഡ് നിയമ ബോധവത്കരണ ലഘുലേഖകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ഉപഹാരങ്ങളും ക്യാമ്പിൽവെച്ച് ഉദ്യോഗസ്ഥർ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.