സൗദി യാത്ര: ബഹ്റൈനിൽ കുടുങ്ങിയത് ഒാൺ അറൈവൽ വിസയിൽ വരാൻ ശ്രമിച്ചവർ
text_fieldsമനാമ: സൗദി അറേബ്യയിലേക്കു പോകാൻ യു.എ.ഇയിൽനിന്ന് ബഹ്റൈനിൽ എത്തി കുടുങ്ങിയത് ഒാൺ അറൈവൽ വിസയിൽ വരാൻ ശ്രമിച്ചവർ. അതേസമയം, ബഹ്റൈൻ വിസ എടുത്ത് വരുന്നവർക്ക് പ്രശ്നങ്ങളില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.ഒരാഴ്ച മുമ്പ് വരെ ഏതു പ്രഫഷനിൽ ഉള്ളവരെയും ഒാൺ അറൈവൽ വിസയിൽ ബഹ്റൈനിലേക്ക് വരാൻ അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് ഇത് ഉന്നത പ്രഫഷനിൽ ഉള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തി. ഇതറിയാതെ എത്തിയവരാണ് ബഹ്റൈൻ വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവരെ പിന്നീട് തിരിച്ചയക്കുകയും ചെയ്തു.
ഒാൺ അറൈവൽ വിസയിൽ യു.എ.ഇയിൽനിന്ന് എത്തി ക്വാറൻറീനിൽ കഴിഞ്ഞ പലർക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അറിയുന്നു. സമ്പർക്ക ശൃംഗല കണ്ടെത്താൻ അധികൃതർ ഇവർ നൽകിയ ഹോട്ടൽ വിലാസത്തിൽ അന്വേഷിച്ചെങ്കിലും അവിടെ താമസിച്ചിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതേത്തുടർന്നാണ്, ഇത്തരം സന്ദർശകരെ നിയന്ത്രിക്കാൻ നടപടി എടുത്തതെന്നാണ് സൂചന.
അതേസമയം, സ്പോൺസേർഡ് വിസയോ ഇ-വിസയോ എടുത്ത് ബഹ്റൈനിലേക്ക് വരുന്നതിന് തടസ്സമില്ലെന്ന് ട്രാവൽ ഏജൻസി പ്രതിനിധികൾ പറഞ്ഞു. 14 ദിവസത്തെയും ഒരുമാസത്തെയും വിസയാണ് ഇപ്രകാരം ലഭിക്കുന്നത്. ബഹ്റൈനിലെ അംഗീകൃത ട്രാവൽ ഏജൻസികളും ഹോട്ടലുകളും മുഖേന സ്പോൺസേർഡ് വിസ ലഭിക്കുന്നതാണ്. ഇങ്ങനെ വരുന്നവർക്കായി ട്രാവൽ ഏജൻസികൾ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.
ബഹ്റൈനിൽ എത്തുന്നവരിൽ ഭൂരിഭാഗവും കോസ്വേ വഴിയാണ് സൗദിയിലേക്ക് പോകുന്നത്. 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് സൗദി യാത്രക്ക് നിർബന്ധമാണ്. ബഹ്റൈനിലേക്ക് വരുന്നവർ മൂന്ന് കോവിഡ് ടെസ്റ്റുകൾക്ക് വിധേയരാകണം. വിമാനത്താവളത്തിൽവെച്ചാണ് ആദ്യത്തെ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് അഞ്ചാം ദിവസവും മൂന്നാം ടെസ്റ്റ് 10ാം ദിവസവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.