ട്വന്‍റി20 ലോകകപ്പ് യോഗ്യത മത്സരം: ബഹ്റൈൻ ടീമിൽ തിളങ്ങി മലയാളി താരം
text_fieldsമനാമ: ഒമാനിൽ നടക്കുന്ന ഐ.സി.സി ട്വന്‍റി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ മത്സരിച്ച ബഹ്റൈൻ ടീമിൽ തിളങ്ങി മലയാളി താരം. പത്തനംതിട്ട സ്വദേശി പ്രശാന്ത് കുറുപ്പാണ് കഴിഞ്ഞദിവസം ഫിലിപ്പീൻസിനെതിരെ നടന്ന േപ്ല ഓഫ് മത്സരത്തിൽ െപ്ലയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. യോഗ്യത റൗണ്ടിൽ പുറത്തായെങ്കിലും തിങ്കളാഴ്ച യു.എ.ഇക്കെതിരെ നടന്ന അവസാന ഗ്രൂപ് മത്സരത്തിലും ചൊവ്വാഴ്ച ഫിലിപ്പീൻസിനെതിരെയും മികച്ച മത്സരമാണ് ബഹ്റൈൻ പുറത്തെടുത്തത്. റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ബഹ്റൈന് സെമി ഫൈനൽ യോഗ്യത നഷ്ടമായത്. ഫിലിപ്പീൻസിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബഹ്റൈൻ പ്രശാന്ത് കുറുപ്പിന്റെ മികവിൽ (48 പന്തിൽ 74 റൺസ്) അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്. ഷഹ്ബാസ് ബാദർ 44 റൺസും സർഫറാസ് തുല്ല 32 റൺസും നേടി ബഹ്റൈന്റെ വിജയത്തിന് സംഭാവന നൽകി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫിലിപ്പീൻസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് മാത്രമാണ് നേടാനായത്.
തിങ്കളാഴ്ച യു.എ.ഇക്കെതിരെ നടന്ന അവസാന ഗ്രൂപ് മത്സരത്തിൽ രണ്ട് റൺസിന്റെ ആവേശകരമായ വിജയമാണ് ബഹ്റൈൻ സ്വന്തമാക്കിയത്. രണ്ട് ടീമുകളും നാല് പോയന്‍റ് വീതം നേടി തുല്യനിലയിൽ എത്തിയെങ്കിലും റൺ ശരാശരിയുടെ അടിസ്ഥാനത്തിൽ ബഹ്റൈനെ (+0.240) മറികടന്ന് യു.എ.ഇ (+0.661) സെമി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സെമിയിൽ നേപ്പാളിനെ തോൽപിച്ച യു.എ.ഇയും ഒമാനെ തോൽപിച്ച അയർലൻഡും വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. അഞ്ചാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തിൽ ബഹ്റൈൻ കാനഡയെ നേരിടും.
പത്തനംതിട്ട സ്വദേശിയായ പ്രശാന്ത് കുറുപ്പ് 2018 മുതൽ ബഹ്റൈൻ ടീമിനുവേണ്ടി കളിക്കുന്നുണ്ട്. 2021ൽ ദോഹയിൽ മാലദ്വീപിനെതിരെയായിരുന്നു ട്വന്‍റി20യിലെ അരങ്ങേറ്റം. കഴിഞ്ഞ വർഷം ഒക്ടോബറിൽ സൗദി അറേബ്യക്കെതിരെ നടന്ന മത്സരത്തിലും പ്രശാന്ത് ബഹ്റൈൻ ടീമിന്റെ ഭാഗമായിരുന്നു. 2018ൽ ഖത്തർ, കുവൈത്ത് ടീമുകൾക്കെതിരായ മത്സരത്തിലും ടീമിനൊപ്പം പങ്കുചേർന്നു. മലയാളിയാണെങ്കിലും പ്രശാന്ത് ജനിച്ചതും വളർന്നതും ഛത്തിസ്ഗഢിലെ ഭിലായിയിലാണ്. പിതാവ് അവിടെ സിവിൽ എൻജിനീയറായിരുന്നു. ഇപ്പോൾ ഛത്തിസ്ഗഢിലാണ് കുടുംബം സ്ഥിരതാമസം. 2011ൽ ബഹ്റൈനിലെത്തിയ പ്രശാന്ത് ഷൈൻ ഗ്രൂപ്പിൽ ഇലക്ട്രിക്കൽ എൻജിനീയറായാണ് ജോലി ചെയ്യുന്നത്. ഛത്തിസ്ഗഢിൽ മൂന്ന് വർഷം യൂനിവേഴ്സിറ്റി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 2018ൽ നടന്ന ബഹ്റൈൻ പ്രീമിയർ ലീഗിൽ ടൂർണമെന്‍റിലെ മികച്ച ബാറ്ററായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ അശ്വതിയാണ് പ്രശാന്തിന്റെ ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.