മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ രണ്ടു ശതമാനം വളർച്ച
text_fieldsമനാമ: ഈ വർഷം രണ്ടാം പാദത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) 2.0 ശതമാനം വളർച്ച രേഖപ്പെടുത്തി. ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രാലയം www.mofne.gov.bh എന്ന വെബ്സൈറ്റിൽ പുറത്തിറക്കിയ ത്രൈമാസ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എണ്ണ ഇതര മേഖലയിൽ രണ്ടു ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്നതിൽ എണ്ണ ഇതര മേഖലകളുടെ പങ്കിന്റെ പ്രാധാന്യം വ്യക്തമക്കുന്നതാണ് കണക്കുകൾ.
ഓയിൽ സെക്ടറിൽ 2.2 ശതമാനത്തിന്റെ വളർച്ചയും രേഖപ്പെടുത്തി. സമ്പദ്വ്യവസ്ഥ തുടർച്ചയായ വളരുന്നതും വൈവിധ്യവത്കരണവും ജി.ഡി.പി ഉയരാനിടയാക്കി. 2023 രണ്ടാം പാദത്തിൽ എണ്ണ ഇതര മേഖലയുടെ ജി.ഡി.പി സംഭാവന 82.9 ശതമാനം ആയി ഉയർന്നിട്ടുണ്ട്. ഗതാഗതവും ടെലികമ്യൂണിക്കേഷനും അതിവേഗം വളരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കണ്ടെയ്നർ കപ്പൽ ഗതാഗതം 52.4 ശതമാനം വർധിച്ചു. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 20.2 ശതമാനം വർധനവ് ഇൗ വർഷം രേഖപ്പെടുത്തി. മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണത്തിൽ 12.8 ശതമാനം വർധനയുണ്ടായി. ഹോട്ടൽ, റസ്റ്റാറന്റ് മേഖല 9.6 ശതമാനം വളർച്ച നേടി. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ സന്ദർശകരുടെ എണ്ണം 29.3 ശതമാനം വർധിച്ചു. റിയൽ എസ്റ്റേറ്റ്, ബിസിനസ് പ്രവർത്തന മേഖല 4.9 ശതമാനം വളർച്ച രേഖപ്പെടുത്തി. റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന്റെ മൂല്യത്തിൽ വർഷം തോറും 19.0 ശതമാനം വർധന ഉണ്ടാകുന്നുണ്ട്. ഫിനാൻഷ്യൽ കോർപറേഷൻ മേഖലയുടെ ജി.ഡിപി സംഭാവന 17.3 ശതമാനം ആയി.
ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സിസ്റ്റത്തിന്റെ (Fawri+, Fawri and Fawateer) മൊത്തം മൂല്യത്തിന്റെ സൂചകങ്ങൾ മുൻവർഷത്തേക്കാൾ 12.4 ശതമാനം വർധിച്ചു. ഈ വർഷം രണ്ടാം പാദത്തിൽ വ്യാപാര മേഖല 4.7 ശതമാനം വളർച്ച കൈവരിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 2023 രണ്ടാം പാദത്തിൽ ഉൽപാദനമേഖലയിൽ 0.9 ശതമാനത്തിന്റെ കുറവുണ്ടായി. അലുമിനിയം വിലയിലെ ഇടിവാണ് ഇതിന് കാരണമായത്. ഈ പാദത്തിൽ നിക്ഷേപം1.3 ബില്യൺ ദീനാർ കവിഞ്ഞു, മൊത്തം നിക്ഷേപം 14.7ബില്യൺ ദീനാറാണ്.
2022 രണ്ടാം പാദത്തിലിത് 13.0ബില്യൺ ദീനാറായിരുന്നു. 13.9 ശതമാനം വർധിച്ചു. സാമ്പത്തിക, ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 982.9 മില്യൺ ദീനാറായി ഉയർന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലിത് 129.2 മില്യൺ ദീനാറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.