കാൽനൂറ്റാണ്ടിന്റെ കുട്ടികളുടെ ക്യാമ്പ് പെരുമയുമായി ഉദയൻ കുണ്ടംകുഴി
text_fieldsമനാമ: കുട്ടികളുടെ ക്യാമ്പ് എവിടെയുണ്ടോ അവിടെയെല്ലാം ഉദയൻ കുണ്ടംകുഴിയുണ്ട്. നീണ്ട 25 വർഷമായി മുഴുവൻ സമയ കലാപ്രവർത്തനം തുടങ്ങിയിട്ട്. ഒരു മാസത്തിലേറെയായ് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന കുട്ടികളുടെ ക്യാമ്പിന്റെ അമരക്കാരനും ഉദയൻതന്നെ. ഇത് മൂന്നാം തവണയാണ് ബഹ്റൈനിൽ കുട്ടികളുടെ ക്യാമ്പിന്റെ ചുമതല വഹിക്കുന്നത്. സൗദി, മസ്കത്ത്, യു.എ.ഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ക്യാമ്പ് നടത്തിയിട്ടുണ്ടെന്ന് ഉദയൻ പറയുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ക്യാമ്പുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കാസർകോടിന് വടക്ക് കുണ്ടംകുഴിയെന്ന ഗ്രാമത്തിലാണ് ജനിച്ചുവളർന്നത്.
വിദ്യാഭ്യാസകാലത്തുതന്നെ കലാരംഗമാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ ഉദയൻ നാടക- നാടൻകലാ രംഗത്ത് സജീവമാകുകയായിരുന്നു. ചിൽഡ്രൻസ് തിയറ്റർ രംഗത്ത് സജീവ സാന്നിധ്യമായ ഉദയൻ സ്കൂൾ കലോത്സവങ്ങൾ, യൂനിവേഴ്സിറ്റി കലോത്സവങ്ങൾ തുടങ്ങി വിവിധ മത്സരങ്ങളിൽ സംസ്ഥാന തലത്തിൽവരെ സമ്മാനാർഹമായ നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഷോർട്ട് ഫിലിം -ഡോക്യുമെന്ററി സംവിധായകൻ എന്ന നിലയിലും പ്രശസ്തനാണ്. ഡിസി ബുക്സിറക്കിയ കലോത്സവ നാടകങ്ങൾ എന്ന പ്രസിദ്ധീകരണത്തിൽ നാടകരചന നടത്തി. ചെറുതും വലുതുമായി നൂറിലേറെ നാടകങ്ങൾ ഇതുവരെ സംവിധാനം ചെയ്തു കഴിഞ്ഞു. പൊലിക, പാട്ടുകറ്റ, പാട്ടുപൊലി എന്നീ നാടൻപാട്ട് പഠനങ്ങൾ പ്രസിദ്ധീകരിച്ചു. പടയണി, കളമെഴുത്ത്, ഗദ്ദിക, അലാമികളി, കമ്പള നാട്ടി, മങ്ങലംകളി, തെയ്യം, ചിമ്മാനകളി തുടങ്ങിയ പതിനാറോളം നാടൻകല ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ‘എന്റെ പുഴ’എന്ന പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലെ 18 നദികളെക്കുറിച്ചുള്ള നീരറിവു പാട്ടുകൾ അവതരിപ്പിച്ചു. ആകാശവാണിയുടെ ‘സംസ്കാര ഗീത്’എന്ന പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലെ ആയിരത്തിയൊന്ന് നാട്ടുകലകളെ ഡോക്യുമെന്റ് ചെയ്യുന്നതിന് നേതൃത്വം കൊടുത്തു.
കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്കാരം, കേരള സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്, കേരള ഫോക് ലോർ അക്കാദമിയുടെ മികച്ച ഡോക്യുമെന്ററി അവാർഡ്, കലാഭവൻ മണി ഓടപ്പഴം പുരസ്കാരം, തുളുനാട് അവാർഡ്, കേരള വിദ്യാഭ്യാസ വകുപ്പ് ഫിലിം ഫെസ്റ്റിവലിൽ മികച്ച കുട്ടികളുടെ സിനിമക്കുള്ള അവാർഡ്, മികച്ച പരിസ്ഥിതി സിനിമക്കുള്ള അവാർഡ്, തുളുനാട് അവാർഡ്, കർണാടക സർക്കാറിന്റെ ചിരഞ്ജീവി അവാർഡ് എന്നിവക്ക് അർഹനായിട്ടുണ്ട്. കുട്ടികളുടെ നാടകവീടായ ‘ലിറ്റിൽ തിയറ്റർ’ഡയറക്ടർ, കാസർകോട് ഗവ. ചിൽഡ്രൻസ് ഹോം കലാപരിശീലകൻ, കേരള സംഗീത നാടക അക്കാദമി ജില്ല കേന്ദ്രസമിതി സെക്രട്ടറി എന്നീ നിലകളിലും ഇപ്പോൾ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.