വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ യു.ഡി.എഫ് വിജയം സുനിശ്ചിതം -ഐ.വൈ.സി.സി കൺവെൻഷൻ
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ കെ.എം.സി.സി ബഹ്റൈൻ ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ഉദ്ഘാടനം നിർവഹിച്ചു.
ഐ.വൈ.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ദേശീയ അസിസ്റ്റന്റ് ട്രഷറർ മുഹമ്മദ് ജസീൽ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കാൻ ധാർമികതക്ക് നിരക്കാത്ത പ്രവർത്തനങ്ങളുമായി സി.പി.എം, ബി.ജെ.പി കൂട്ടുകെട്ട് പ്രവർത്തിക്കുന്നതിന്റെ ഭാഗമാണ് ട്രോളി ബാഗ് കള്ളപ്പണ തട്ടിപ്പ് വിവാദമെന്ന് യു.ഡി.എഫ് നേതാക്കൾ അഭിപ്രായപ്പെട്ടു.
വടകര ലോക്സഭ തെരഞ്ഞെടുപ്പിൽ കൃത്രിമമായി സി.പി.എം, സംഘ്പരിവാർ കൂട്ടുകെട്ട് സൃഷ്ടിച്ചെടുത്ത കാഫിർ വിവാദം വടകരയിലെ ജനങ്ങൾ മനസ്സിലാക്കിയതിന്റെ കൂടി ഫലമാണ് ഷാഫി പറമ്പിലിന്റെ വിജയമെന്നും, ട്രോളി ബാഗ് കള്ളപ്പണ തട്ടിപ്പ് വിഷയത്തിലെ സി.പി.എം, ബി.ജെ.പി തട്ടിപ്പ് മനസ്സിലാക്കി പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു.
വയനാട്, ചേലക്കര മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികളായ പ്രിയങ്ക ഗാന്ധി, രമ്യ ഹരിദാസ് എന്നിവരുടെ വിജയവും സുനിശ്ചിതമാണ്.
കേന്ദ്ര, കേരള സർക്കാറുകളുടെ ജനദ്രോഹ ഭരണത്തിനുള്ള മറുപടിയാകും ഈ തെരഞ്ഞെടുപ്പെന്നും കാര്യങ്ങൾ നന്നായി വിലയിരുത്തി നാടിന്റെ നന്മക്ക് യു.ഡി. എഫ് സ്ഥാനാർഥികൾക്ക് വോട്ട് നൽകാൻ പ്രബുദ്ധരായ ജനങ്ങൾ മുന്നിട്ടിറങ്ങുമെന്നും വിലയിരുത്തപ്പെട്ടു. ഉപ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഡിജിറ്റൽ, ഓഫ്നെറ്റ് അടക്കമുള്ള മാധ്യമങ്ങൾ ഉപയോഗിച്ച് വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തും.
സാമൂഹിക പ്രവർത്തക ഷെമിലി പി. ജോൺ, ഐ.വൈ.സി.സി ബഹ്റൈൻ മുൻ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, ആർ.എം.പി പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര, ആർ.എസ്.പി പ്രവാഹം ജി.സി.സി പ്രസിഡന്റ് അൻവർ നഹാസ്, ഐ.വൈ.സി.സി ജോയന്റ് സെക്രട്ടറി രാജേഷ് പന്മന, ഐ.വൈ.സി.സി ഇന്റേണൽ ഓഡിറ്റർ മണിക്കുട്ടൻ കോട്ടയം കെ.എം.സി.സി പ്രതിനിധി ഒ.കെ. കാസിം എന്നിവർ സംസാരിച്ചു.
ഐ.വൈ.സി.സി കോർ കമ്മിറ്റി ഭാരവാഹികൾ, ആർ.എസ്.പി ബഹ്റൈൻ പ്രവാഹം പ്രതിനിധികളായ അൻസാരി, ടൈറ്റസ് ജോൺ, പ്രമോദ് പന്മന, മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം ബഹ്റൈൻ പ്രതിനിധി എബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു. നസീർ പൊന്നാനിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കുവേണ്ടി മുദ്രാവാക്യ വിളിയും നടന്നു. നിരവധി യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.