വിദ്യാർഥികളെ തിരികെ എത്തിക്കണം -ബഹ്റൈൻ ഒ.ഐ.സി.സി
text_fieldsമനാമ: യുദ്ധം നടക്കുന്ന യുക്രെയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെയും ഉദ്യോഗസ്ഥരെയും തിരികെ എത്തിക്കുന്നതിനുള്ള നടപടി കേന്ദ്ര സർക്കാർ അടിയന്തരമായി ആരംഭിക്കണമെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ കുട്ടികൾ ഉപരിപഠനത്തിന് യുക്രെയ്ൻ, റഷ്യ അടക്കമുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോൾ യുക്രെയ്നിന്റെ ചില പ്രദേശങ്ങളിലുള്ള ആളുകളെ മാത്രം തിരിച്ചു കൊണ്ടുവരുന്നതിനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്. അതിർത്തി രാജ്യങ്ങൾ അനുവാദം നൽകുമ്പോൾ തിരികെവരാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുന്നത്തിനുള്ള നടപടികളാണ് നടത്തണം.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് അതിഭീമമായ തുകയാണ് വിമാനക്കമ്പനികൾ ഈടാക്കിയിരുന്നത്. ലോൺ എടുത്തു പഠിക്കാൻ പോയ പാവപ്പെട്ട കുട്ടികൾക്ക് ഇത് വളരെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. ഇനിയും തിരിച്ചു വരാനുള്ളവരെ കേന്ദ്ര സർക്കാർ സൗജന്യമായി തിരികെ എത്തിക്കുന്നതിനും ടിക്കറ്റിന് ഭീമമായ തുക മുടക്കി വന്ന കുട്ടികൾക്ക് ആ തുക മടക്കി നൽകാനും കേന്ദ്ര സർക്കാർ തയാറാകണം. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ വേണ്ട മുൻ കരുതലുകളും സർക്കാറുകൾ കൈക്കൊള്ളണം. ഇത് സംബന്ധിച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.