അണ്ടർ 21 ലോക വോളിബാൾ; വിദേശ ടീമുകളുമായുള്ള മത്സരം ഇന്ത്യക്ക് ഗുണം ചെയ്തെന്ന് കോച്ച്
text_fieldsമനാമ: അണ്ടർ 21 പുരുഷന്മാരുടെ ലോക വോളിബാൾ ചാമ്പ്യൻഷിപ്പിൽ വിദേശ ടീമുകളുടെ കേളീശൈലിയുമായുള്ള പരിചയം വലിയ അനുഭവങ്ങളാണ് നൽകിയതെന്ന് മുഖ്യ കോച്ച് ജി.ഇ. ശ്രീധരൻ. കളിക്കാർ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കരുത്തരായ ടീമുകളടങ്ങുന്ന ഗ്രൂപ്പിലായിരുന്നു ആദ്യ റൗണ്ട് എന്നതിനാലാണ് സെമിയിലെത്താൻ സാധിക്കാതിരുന്നതെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യയോടൊപ്പം ആദ്യ റൗണ്ടിൽ കളിച്ച ടീമുകളായ പോളണ്ട്, ബൾഗേറിയ, കാനഡ എന്നിവരെല്ലാം ലോക വോളിബാളിൽ വലിയ അനുഭവസമ്പത്തുള്ളവരാണ്. 22 വർഷത്തിനു ശേഷമാണ് ഇന്ത്യ യോഗ്യത നേടുന്നത് എന്നോർക്കണം. ലോക വോളിബാൾ ഫെഡറേഷനിൽ അംഗത്വമുള്ള 222 രാജ്യങ്ങളിൽനിന്ന് 16 ടീമുകളെയാണ് ലോക ചാമ്പ്യൻഷിപ്പിനായി തിരഞ്ഞെടുത്തത്.
അന്താരാഷ്ട്ര മത്സരങ്ങളിൽ അധികം പരിചയമില്ലാതിരുന്നത് ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ യൂറോപ്യൻ, ആഫ്രിക്കൻ അടക്കമുള്ള ടീമുകളുമായുള്ള മത്സരം അനവധി അനുഭവങ്ങൾ നൽകി. വരും മത്സരങ്ങളിൽ ഇതൊരു മുതൽക്കൂട്ടായിരിക്കും. ഇനി ഒമ്പതു മുതൽ 12 വരെയുള്ള സ്ഥാനങ്ങൾക്കായി ചെക്ക് റിപ്പബ്ലിക്ക്, ഈജിപ്ത്, കാനഡ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഈ സ്ഥാനം നേടാൻ സാധിച്ചു എന്നത് വലിയ നേട്ടമാണ്. കഴിഞ്ഞദിവസം തുനീഷ്യക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യ വിജയിച്ചത്. കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കുകയാണ് വോളിബാളിന്റെ വളർച്ചക്കുവേണ്ടി അധികൃതർക്ക് ചെയ്യാനുള്ളത്. ഇന്ത്യൻ സർക്കാറും കായിക മന്ത്രാലയവും വോളിബാൾ അസോസിയേഷനും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം.
അണ്ടർ 21 ലോക ചാമ്പ്യൻഷിപ് കായിക താരങ്ങൾക്ക് മികച്ച അടിത്തറ നൽകിയിട്ടുണ്ട്. ഈ താരങ്ങളെല്ലാം സീനിയർ ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കിൽ ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ അവർക്ക് ഉജ്ജ്വല പ്രകടനം പുറത്തെടുക്കാൻ പറ്റുമെന്നും ശ്രീധരൻ പറഞ്ഞു. ബഹ്റൈൻ ഭരണകൂടവും വോളിബാൾ അസോസിയേഷനും വലിയ പിന്തുണയും സഹായവുമാണ് ടീമിന് നൽകിയത്. മലയാളികളടക്കമുള്ള ഇന്ത്യൻ കമ്യൂണിറ്റി വോളിബാളിനോട് കാണിക്കുന്ന സ്നേഹം പ്രത്യേകം പരാമർശിക്കേണ്ടതാണ്. മത്സരം കാണാനും ടീമിനുവേണ്ട സഹായ സഹകരണങ്ങൾ നൽകാനുമായി പ്രവാസ സമൂഹം വലിയ താൽപര്യമാണ് കാണിച്ചത്. എല്ലാവരെയും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.