അണ്ടർ 21 ലോക വോളിബാൾ; ഇന്ത്യക്ക് വീണ്ടും തോൽവി
text_fieldsമനാമ: അണ്ടർ 21 പുരുഷന്മാരുടെ ലോക വോളിബാൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. കരുത്തരായ ബൾഗേറിയയാണ് ഇന്ത്യയെ (3-1) തോൽപിച്ചത്. 19-25, 25 -21, 26 -28, 15 -25. എല്ലാ കളിക്കാരും മികച്ച പ്രകടനം നടത്തിയെങ്കിലും ചെറിയ പിഴവുകൾ പരാജയ കാരണമാകുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടിന് ഇന്ത്യ കാനഡയെ നേരിടും. പോളണ്ട്, ബൾഗേറിയ, കാനഡ എന്നിവരടങ്ങുന്ന പൂൾ ‘സി’യിലാണ് ഇന്ത്യ. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ആതിഥേയരായ ബഹ്റൈൻ തുനീഷ്യയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചു.
കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഡെപ്യൂട്ടി പ്രസിഡന്റും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) മേധാവിയുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
ബി.ഒ.സി വൈസ് പ്രസിഡന്റ് ശൈഖ് ഈസ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങൾ കാണാനെത്തിയിരുന്നു. ബഹ്റൈൻ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് അലി ബിൻ മുഹമ്മദ് ആൽ ഖലീഫ, സെക്രട്ടറി ജനറൽ ഫെറാസ് അൽ ഹെൽവാച്ചി തുടങ്ങിയവരും പങ്കെടുത്തു.
നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി, പോളണ്ട്, ബൾഗേറിയ, ഇറാൻ, ബ്രസീൽ, അർജന്റീന, ബെൽജിയം എന്നിവരാണ് ആദ്യ ദിനത്തിൽ ബഹ്റൈനൊപ്പം വിജയികളായത്. ഇസ സ്പോർട്സ് സിറ്റിയിൽ രാവിലെ 11 മുതലാണ് മത്സരങ്ങൾ. രണ്ടു കോർട്ടുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 11.00, 2.00, 5.00, 8.00 എന്നീ സമയങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. 16നാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.