പ്രവാസലോകത്തെ നിരാശയിലാഴ്ത്തി കേന്ദ്രബജറ്റ്
text_fieldsമനാമ: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ പൂർണമായും അവഗണിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റും. മുൻ ബജറ്റുകളിലും തികഞ്ഞ അവഗണന നേരിട്ട പ്രവാസികൾ വലിയ പ്രതീക്ഷ പുലർത്തിയിരുന്നില്ലെങ്കിലും മെച്ചപ്പെട്ട പാക്കേജുകൾ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, ആശ്വാസമാകുന്ന ഒരു പ്രഖ്യാപനവും ഈ ബജറ്റിലും ഉണ്ടായില്ല. തങ്ങളെ പൂർണമായും അവഗണിച്ച ബജറ്റിനെതിരെ പ്രവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. പല പ്രവാസി സംഘടനകളും ഈ കാര്യം ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ്, യാത്രാക്ലേശം പരിഹരിക്കൽ, വിമാന കമ്പനികളുടെ ചൂഷണം തടയൽ എന്നിവയെല്ലാം വർഷങ്ങളായി പ്രവാസി സംഘടനകളുടെ ആവശ്യങ്ങളാണ്. എന്നാൽ, ഇവയോട് പൂർണമായും മുഖം തിരിച്ച കേന്ദ്രസർക്കാർ ഇവയുമായി ബന്ധപ്പെട്ട ഒരു കാര്യവും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ വർഷം പത്ത് ലക്ഷം കോടി രൂപയോളമാണ് പ്രവാസികളിലൂടെ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ, ഇത്രയും വിദേശനാണ്യം രാജ്യത്തെത്തിക്കുന്ന പ്രവാസികളുടെ ക്ഷേമം കേന്ദ്രസർക്കാർ പരിഗണിച്ചതേയില്ല.
നാല് കോടിയോളം വരുന്ന പ്രവാസി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളെ നേരിടാനുള്ള ഒരു നിർദേശവും ബജറ്റിലില്ല. സ്വദേശിവത്കരണം ഗൾഫ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന വിവരം പ്രവാസി സംഘടനകൾ പലവട്ടം കേന്ദ്ര സർക്കാറിനെ ബോധിപ്പിച്ചിരുന്നെങ്കിലും ധനമന്ത്രി വിഷയം പരാമർശിക്കുക പോലും ചെയ്തില്ലെന്നത് നിരാശജനകമാണെന്ന് പ്രവാസി സംഘടനകൾ ആരോപിച്ചു.
വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കുക, മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാനുള്ള ധനസഹായം, സൗജന്യ ചികിത്സ പദ്ധതി, പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം, മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സൗകര്യം തുടങ്ങി പ്രവാസി സമൂഹം കാലങ്ങളായി ആവശ്യപ്പെടുന്ന വിഷയങ്ങളിലൊന്നും പുതിയ പദ്ധതികളോ ധനസഹായ വർധനയോ പ്രഖ്യാപിക്കാതെയാണ് ബജറ്റ് ധനമന്ത്രി പൂർത്തിയാക്കിയത്.
കോവിഡിനു ശേഷം വിദേശ രാജ്യങ്ങളിൽ പ്രവാസികളുടെ മരണനിരക്ക് വർധിച്ചിട്ടുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് പഠിക്കാനോ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനോ കേന്ദ്ര സർക്കാർ ഇനിയും തയാറായിട്ടില്ല. വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നോർക്ക റൂട്ട്സ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഫണ്ട് നീക്കിയിരിപ്പില്ലാത്തതിനാൽ പദ്ധതി അവതാളത്തിലാണ്.
കേന്ദ്ര ബജറ്റ് നിരാശജനകം -ഒ.ഐ.സി.സി
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് നിരാശജനകമാണെന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി വാഗ്ദാനങ്ങൾ നേരിട്ട് കേരളത്തിലെ ജനങ്ങളെ അറിയിക്കാൻ പ്രധാനമന്ത്രിയും പല കേന്ദ്ര മന്ത്രിമാരും നിരന്തരം സന്ദർശിച്ചിരുന്ന സംസ്ഥാനമാണ് കേരളം.
ബജറ്റ് പരിശോധിച്ചാൽ അങ്ങനെ ഒരു സംസ്ഥാനം ഉള്ളതായി പോലും തോന്നില്ല. നമ്മുടെ എം.പിമാർ നിരന്തരമായി ആവശ്യപ്പെടുന്നതാണ് എയിംസ്. അതിന് ആവശ്യമായ സ്ഥലം കണ്ടെത്തിക്കൊടുത്തതുമാണ്. ഇപ്പോൾ പറയുന്നു അത്രയും സ്ഥലം പോരാ എന്ന്.
എയിംസ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ എത്ര ഏക്കർ സ്ഥലം വേണമെങ്കിലും കൊടുക്കാൻ കേരളം തയാർ ആണ്. ഇങ്ങനെ വിവേചനം കാണിക്കുന്നതുകൊണ്ടാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഒരു സീറ്റിൽ കൂടുതൽ ബി.ജെ.പിക്ക് കൊടുക്കാതിരുന്നത്.
രാജ്യത്തെ നിലനിർത്തി പരിപാലിച്ചു മുന്നോട്ട് കൊണ്ടുപോകുന്ന കർഷകരെയും സാധാരണ ജനങ്ങളെയും പൂർണമായും മുൻകാലങ്ങളിലെ പോലെ ഈ പ്രാവശ്യവും അവഗണിക്കാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളത്. കേരളത്തിലെ എം.പിമാർ ബജറ്റ് ചർച്ചകളിൽ ശക്തമായ ഇടപെടൽ നടത്തി എയിംസ് അടക്കം കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സമ്മർദം ചെലുത്തണമെന്നും ഒ.ഐ.സി.സി ആവശ്യപ്പെട്ടു.
ഫെഡറൽ ഭരണഘടന തത്ത്വത്തിനെതിരായ ബജറ്റ് -ബഹ്റൈൻ പ്രതിഭ
മൂന്നാം മോദി സർക്കാറിന്റെ ആദ്യ കേന്ദ്ര ബജറ്റ് ഫെഡറൽ ഭരണഘടന തത്ത്വത്തിനെതിരായ ബജറ്റായേ കണക്കാക്കാൻ പറ്റൂ എന്ന് ബഹ്റൈൻ പ്രതിഭ. എൻ.ഡി.എ ഇതര സംസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ടുള്ള അസമത്വം നിറഞ്ഞതാണ് ബജറ്റ്.
പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ പരിഗണിക്കേണ്ട എന്നല്ല ഇതിനർഥം, മറ്റിതര സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങളെ ഹനിച്ചു കളഞ്ഞു എന്നതാണ്. കേരളത്തിന്റെ ആവശ്യങ്ങൾ ബജറ്റിന് മുമ്പുതന്നെ കേരള ധനകാര്യ മന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് ബോധിപ്പിച്ചതാണ്.
എന്നിട്ടും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്നതായി അവസ്ഥ. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു വേണ്ടി കേരളത്തിന്റെ ഖജനാവിൽ നിന്ന് ചെലവഴിച്ച 3686 കോടി രൂപ തിരിച്ചു നൽകാൻ ബജറ്റിൽ ശിപാർശ ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. ദേശീയപാത വികസനത്തിനുവേണ്ടി മറ്റൊരു സംസ്ഥാനത്തിലും ചെലവഴിക്കേണ്ടി വരാത്ത 25 ശതമാനം ആയ 6000 കോടി രൂപ കടമായിട്ടാണെങ്കിലും തരാൻ കേന്ദ്രം കൂട്ടാക്കിയില്ല.
ക്ഷേമ പെൻഷനും മറ്റിതര വികസന പ്രവർത്തനത്തിനും ചെലവഴിച്ച വകയിൽ 18,000 കോടി രൂപ അടിയന്തരമായി സർക്കാറിന് ദൈനം ദിന കാര്യങ്ങൾക്ക് വേണമായിരുന്നു. അത്തരമൊരു വായ്പ എടുക്കാനുള്ള അനുവാദവും ഈ ബജറ്റിൽ ഉണ്ടായില്ല. 5000 കോടി രൂപ വിഴിഞ്ഞം തുറമുഖത്തിന്റെ വികസന കാര്യത്തിന് വേണമായിരുന്നു, അനുവദിച്ചില്ല.
മറ്റു സംസ്ഥാനങ്ങൾക്ക് പ്രളയ ആശ്വാസമായി മുൻകൂർ തുക വരവ് വെച്ച് കൊടുക്കുന്നിടത്താണ് ചെലവഴിക്കപ്പെട്ടതു പോലും ലഭിക്കാതെ കേരളം പെരുവഴിയിലാകുന്നത്.
മെഡിക്കൽ ആരോഗ്യ രംഗത്തെ പ്രതീക്ഷയായ 2022ൽ പ്രഖ്യാപിച്ച എയിംസിനും ഒരു വകയിരുത്തലുമില്ല. കേരളത്തോട് ബജറ്റിലൂടെ നടത്തിയ ഈ ക്രൂരതയിൽ അതി ദുഃഖവും അതിയായ അമർഷവും പ്രകടിപ്പിക്കുന്നതായി ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര ബജറ്റ് സങ്കുചിതത്തിന്റെ പ്രതീകം -കെ.എം.സി.സി
വ്യക്തമായ ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന സർക്കാറിന്റെ സ്വാർഥ താൽപര്യത്തിനായി മാത്രം അവതരിപ്പിക്കപ്പെട്ട ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് കെ.എം.സി.സി ബഹ്റൈൻ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പൊതുതാൽപര്യത്തിന് യാതൊരു വിലയും കൽപിക്കാതെയാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്. ഭരണത്തിന് പിന്തുണ നൽകുന്നവർക്ക് മാത്രം വാരിക്കോരി ആനുകൂല്യങ്ങൾ നൽകിയിരിക്കുന്നു.
ഫെഡറൽ സംവിധാനത്തെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. പ്രവാസികൾക്കനുകൂലമായ ഒരു പദ്ധതിയും ബജറ്റിലില്ല. ബജറ്റ് തീർത്തും നിരാശജനകമാണെന്നതു മാത്രമല്ല, കേരളത്തെ പാടേ അവഗണിച്ചിരിക്കുകയുമാണ്. ജനാധിപത്യത്തെ പാടെ വിസ്മരിച്ച് ബജറ്റിൽ രാഷ്ട്രീയം കൊണ്ടുവരുന്ന ഇത്തരം പ്രവണതകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും കെ.എം.സി.സി പ്രസ്താവനയിൽ പറഞ്ഞു.
പ്രവാസി ക്ഷേമം പേരിനുപോലും ഇല്ലാത്ത രാഷ്ട്രീയ പ്രേരിത ബജറ്റ് -പ്രവാസി വെൽഫെയർ
രാജ്യത്തെ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട ജനക്ഷേമ പദ്ധതികൾ സമ്പൂർണമായി കൈയൊഴിഞ്ഞ രാഷ്ട്രീയ പ്രേരിത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ ഗണ്യമായ പങ്ക് വഹിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിന് പേരിനുപോലും ഒരു പദ്ധതിയോ വിഹിതമോ പ്രഖ്യാപിക്കാത്ത ബജറ്റ് നിരാശപൂർണമാണ്.
പ്രവാസി സമൂഹത്തിന്റെ അടിസ്ഥാനാവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും വിദേശങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പതിനായിരക്കണക്കിന് പ്രവാസികളുടെ പുനരധിവാസത്തിനും സ്വയം തൊഴിലിനും ഒരു പരിഗണനയും യൂനിയൻ ബജറ്റ് നൽകിയിട്ടില്ലെന്നത് സർക്കാറിന്റെ പ്രവാസികളോടുള്ള അവഗണനയുടെ തുടർച്ചയാണ്.
ഭരണം നിലനിർത്താൻ തങ്ങളെ പിന്തുണക്കുന്നു എന്നുള്ളതുകൊണ്ട് മാത്രം ആന്ധ്രപ്രദേശിനും ബിഹാറിനും വേണ്ടിയുള്ള പ്രത്യേകം പാക്കേജുകളാണ് യൂനിയൻ ബജറ്റ് എന്ന പേരിൽ അവതരിപ്പിക്കപ്പെട്ടത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഒരു പരിഗണനയും ബജറ്റിൽ നൽകിയിട്ടില്ല. ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെല്ലാം കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നവ മാത്രമാണ്.
സാധാരണക്കാരൻ ഇന്നനുഭവിക്കുന്ന രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിർത്താൻ പ്രത്യേകമായ പദ്ധതികളോ ഫെഡറൽ വ്യവസ്ഥയെ തകർക്കുന്ന ജി.എസ്.ടി സംവിധാനത്തെ പരിഷ്കരിക്കാനുള്ള നിർദേശമോ ബജറ്റിലില്ല.
ഒരു കോടി യുവാക്കൾക്കായി ഇന്റേൺഷിപ്പിന് അവസരമൊരുക്കും എന്ന് പ്രഖ്യാപിച്ചെങ്കിലും അതിനുള്ള പണം വകയിരുത്തുന്നതിനു പകരം കമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് നൽകും എന്ന വിചിത്രമായ നിർദേശമാണ് ബജറ്റിലുള്ളത്. പട്ടിക ജാതി വിഭാഗങ്ങൾ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ എന്നിവരുടെ പുരോഗതിക്കായി പ്രത്യേകമായ പുതിയ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ പ്രത്യേക പദ്ധതി രൂപപ്പെടുത്തിയപ്പോൾ നിരന്തരമായ പ്രളയങ്ങളും ഉരുൾപ്പൊട്ടലുകളും ഉണ്ടാകുന്ന കേരളത്തെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്.
അങ്ങേയറ്റം നിരാശജനകം -ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശജനകമാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്. കേരളത്തെ മാറ്റിനിർത്തി പ്രതികാരം ചെയ്യുന്ന രീതിയാണ് കാണുന്നത്. ഈ വിവേചനത്തിനെതിരെ രാഷ്ട്രീയത്തിനതീതമായി കേരള ജനത ഉണർന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഭരണകക്ഷിക്ക് പിന്തുണ നൽകിയ ചില സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നത് ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പ്രസ്താവനയിൽ പറഞ്ഞു.
പ്രവാസികളെയും കേരളത്തെയും അവഗണിച്ച ബജറ്റ് -നവകേരള
മുൻകാല ബജറ്റുകളെപ്പോലെത്തന്നെ പ്രവാസികളെയും കേരളത്തെയും തീർത്തും അവഗണിച്ച ബജറ്റാണിതെന്ന് ബഹ്റൈൻ നവകേരള. മാത്രമല്ല, ന്യായമായി ലഭ്യമാകേണ്ടവ പോലും ബജറ്റിൽ ഇല്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കേരളത്തിനോ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെത്തന്നെ പ്രധാന സ്രോതസ്സായ പ്രവാസിക്കോ പ്രയോജനപ്രദമായ ഒരു പദ്ധതിയോ പാക്കേജോ ബജറ്റിൽ ഇല്ല.
രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായ തൊഴിലില്ലായ്മയോ കാർഷിക പ്രതിസന്ധിയോ മറികടക്കാനുള്ള ഒന്നും ഉൾപ്പെടുത്താതെ രാഷ്ട്രീയ താൽപര്യങ്ങൾക്കും അധികാരം നിലനിർത്താനുമുള്ള ഒരു തന്ത്രമായാണ് കേന്ദ്ര സർക്കാർ ഈ ബജറ്റിനെ ഉപയോഗിച്ചത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ രണ്ടു സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ബജറ്റ് മാത്രമാണിത്.
ഫെഡറലിസത്തെ ബാധിക്കുന്ന ബജറ്റ് -എബ്രഹാം ജോൺ
കേന്ദ്രബജറ്റിൽ ചില സംസ്ഥാനങ്ങൾക്ക് അപ്രതീക്ഷിത ഫണ്ട് വകയിരുത്തിയിരിക്കുന്നത് കാണുമ്പോൾ ഫെഡറലിസത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ളതാണെന്ന് ആരെങ്കിലും ആക്ഷേപിച്ചാൽ കുറ്റം പറയാൻ സാധിക്കില്ലെന്ന് മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനും സാമൂഹിക പ്രവർത്തകനുമായ എബ്രഹാം ജോൺ.
ഇന്ത്യയുടെ പൊതു സാമ്പത്തിക പുരോഗതിയെക്കാൾ മുൻഗണന നൽകിയിരിക്കുന്നത് പ്രത്യേക പരിഗണനയിലൂടെ ഗവൺമെന്റിനെ താങ്ങിനിർത്തുന്ന കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണ്. വിവേചനപരമായ രീതിയിൽ അവിടേക്കുള്ള പദ്ധതികൾക്ക് തുക വകയിരുത്തിയിരിക്കുന്നു, കൂട്ടുകക്ഷി ഭരണത്തിൽ ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം വീതിച്ചു നൽകുന്നതുപോലെ.
വെള്ളപ്പൊക്ക ദുരിതാശ്വാസം കൂടുതൽ ലഭിക്കേണ്ട കേരളം പോലെയുള്ള സംസ്ഥാനങ്ങളെ പൂർണമായി ഒഴിവാക്കി പദ്ധതി വിഹിതം വകയിരുത്തിയിരിക്കുന്നത് എങ്ങനെ ന്യായീകരിക്കും? സംതൃപ്തമായ സംസ്ഥാനങ്ങളും സമ്പന്നമായ രാജ്യവും എന്ന ചിന്തയായിരിക്കണം ഭരണാധികാരികൾക്ക് വേണ്ടത്. അല്ലാതെ പദ്ധതി വിഹിത വിതരണങ്ങളിലും അവഗണിക്കപ്പെടുന്നത് കേരളം പോലെയുള്ള സംസ്ഥാനങ്ങളെ ഞെരുക്കുക മാത്രമായിരിക്കില്ല വളർച്ചയെ മുരടിപ്പിക്കുകയും ചെയ്യും.
ദീർഘകാലമായി കേരളം ആവശ്യപ്പെടുന്നതും അത്യന്താപേക്ഷിതവുമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ (AIIMS) കാര്യത്തിലും അവഗണന മാത്രം. പ്രവാസികളുടെ പുനരധിവാസ പദ്ധതികൾ രേഖകളിൽ പോലും പരാമർശിക്കപ്പെട്ടിട്ടില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ ബജറ്റ് കസേരക്കളി ബജറ്റായി മാറി - ഐ.വൈ.സി.സി
സഖ്യകക്ഷികളെ സന്തോഷിപ്പിച്ച് ഭരണം ഉറപ്പിക്കാനുള്ള ബജറ്റായി കേന്ദ്ര ബജറ്റ് മാറിയെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം ഇല്ലാതാക്കി കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളെയും തഴഞ്ഞുകൊണ്ടുള്ള ബജറ്റ് ഒരുതരത്തിലും ജനക്ഷേമം മുൻനിർത്തി ഉള്ളതല്ല. പ്രവാസികളുടെ വിഷയത്തിൽ കനത്ത അവഗണനയാണ് കേന്ദ്ര ബജറ്റിൽ ഉള്ളത്.
രണ്ടു കോടിയിലധികം വരുന്ന ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായും, അവരുടെ യാത്ര പ്രശ്ന പരിഹാരത്തിനായും ഒന്നുംതന്നെ ബജറ്റിൽ ഇല്ല.
കസേര നിലനിർത്താനുള്ള ബജറ്റാണ് ഇതെന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ ഐ.വൈ.സി.സി ബഹ്റൈൻ സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര സർക്കാർ ബജറ്റിൽ അടക്കം ഭിന്നിപ്പ് ഉണ്ടാക്കുന്നത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല എന്നും ഐ.വൈ.സി.സി ബഹ്റൈൻ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ പ്രസ്താവിച്ചു.
നിലവാരം കുറഞ്ഞ തന്ത്രം -ഒ.എൻ.സി.പി
അധികാരം നിലനിർത്താനുള്ള എൻ.ഡി.എ മുന്നണിയുടെ രാജതന്ത്രം മാത്രമായേ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ പുതിയ ബജറ്റിനെ ഒരു കൊച്ചു കുഞ്ഞിനു പോലും കാണാൻ കഴിയൂ എന്ന് ഒ.എൻ.സി.പി ബഹ്റൈൻ പ്രസിഡന്റ് എഫ്.എം. ഫൈസൽ വാർത്തക്കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ ഭരണകാലത്ത് പയറ്റി പരാജയപ്പെട്ട വർഗീയതക്ക് പകരം തങ്ങളുടെ ശക്തിയായി നിലനിൽക്കുന്ന ചില പ്രാദേശിക ശക്തികളെ തൃപ്തിപ്പെടുത്താനും കൂടെ നിർത്താനും വേണ്ടി 140 കോടിയോളം വരുന്ന ജനസംഖ്യയുടെ നികുതി പണം മുഴുവൻ ചെറിയ രണ്ടു സംസ്ഥാനങ്ങളുടെ മാത്രം വികസനത്തിന് വകയിരുത്തുകയാണ്. തങ്ങളുടെ ചൊൽപടിയിലില്ലാത്തവരെ ഇന്ത്യയിലെ ഒരു സ്റ്റേറ്റ് എന്ന പരിഗണന പോലും നൽകാത്ത രീതിയിലുള്ളതായിപ്പോയി ഈ രാഷ്ട്രീയ നിറമുള്ള ബജറ്റെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.