ചർച്ചകൾക്കായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ബഹ്റൈനിൽ
text_fieldsമനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോക്കും സംഘത്തിനും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്കി. ഇറാന് കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയും ഉപദേഷ്ടാവുമായ ബ്രിയാന്‍ ഹുക്കിനൊപ്പം മേഖലയിലെ വിവിധ രാഷ്ട്രങ്ങള്‍ സന്ദര്ശിക്കുന്നതിെൻറ ഭാഗമായാണ് മൈക് പോംപിയോ ബഹ്റൈനിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും സന്ദര്‍ശനം കാരണമാകുമെന്ന് കിരീടാവകാശി പറഞ്ഞു.
യു.എസും ബഹ്റൈനും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധം കൂടുതൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. മേഖലയില്‍ സമാധാനം ശക്തമാക്കുന്നതിന് അമേരിക്ക വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവ വികാസങ്ങളും ചര്‍ച്ചയായി. ഫലസ്തീന് ഭൂമി അധിനിവേശം അവസാനിപ്പിക്കുന്നതിെൻറ ഭാഗമായി ഇസ്രായേലും യു.എ.ഇയും തമ്മിലുണ്ടാക്കിയ കരാറിന് മധ്യസ്ഥത വഹിച്ച യു.എസ് നടപടിയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.
അറബ് മേഖലയില്‍ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിന് ഇൗ കരാര്‍ വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഖീര്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാജാവിെൻറ യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയും ദേശീയ സുരക്ഷ സമിതി ഉപദേഷ്ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനി, ധനകാര്യ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ ആല് ഖലീഫ എന്നിവരും സംബന്ധിച്ചു.
സ്റ്റേറ്റ് സെക്രട്ടറിയെ ഹമദ് രാജാവ് സ്വീകരിച്ചു
മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയെ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ സ്വീകരിച്ചു. ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായി തുടരുന്നതില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തുകയും കൂടുതല്‍ മേഖലകളിലേക്ക് അത് വ്യാപിപ്പിക്കുന്നതിന് സാധ്യമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയില്‍ യു.എസിലെ ഇറാന് കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയും സീനിയര്‍ ഉപദേഷ്ടാവുമായ ബ്രിയാന്‍ ഹുക്, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ, ദേശീയ സുരക്ഷ സമിതി ഉപദേഷ്ടാവ് ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരും സംബന്ധിച്ചു. ഹമദ് രാജാവ് നല്കിയ ഊഷ്മള സ്വീകരണത്തിന് മൈക് പോംപിയോ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.