കൊതുക് നിവാരണ പദ്ധതി നടപ്പാക്കാൻ ഉത്തര മേഖല ഗവർണറേറ്റ്
text_fieldsമനാമ: പൊതു, സ്വകാര്യ മേഖലകളുമായി സഹകരിച്ച് കൊതുക് നിവാരണപദ്ധതി നടപ്പാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഉത്തര മേഖല ഗവർണറേറ്റ് യോഗത്തിൽ തീരുമാനിച്ചു.
ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ.സാമിയ ബഹ്റാം, ഉത്തര മേഖല മുനിസിപ്പൽ ഡയറക്ടർ ലംയാഅ് അൽ ഫദാല, മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. ശബ്ബിർ അൽ വിദാഇ, ബാപ്കോ റിഫൈനറീസിലെ പരിസ്ഥിതി, സാമൂഹിക കാര്യ മേധാവി അഖീൽ അൽ മുഹറഖി എന്നിവരും സന്നിഹിതരായിരുന്നു.സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെ കൊതുകു നിർമാർജനം സാധ്യമാക്കുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്തു. കൊതുകു പെരുകുന്ന വിവിധ സ്ഥലങ്ങളെ കുറിച്ച് പഠന റിപ്പോർട്ട് തയാറാക്കാനും അതനുസരിച്ച് പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. കൊതുക് പരക്കുന്നത് തടയുന്നതിന് പൊതുജനങ്ങൾക്ക് ബോധവത്കരണവും ഇതോടൊപ്പം നൽകും.
പദ്ധതിയിൽ ബാപ്കോ റിഫൈനറീസ് പങ്കാളിയാകും.സാമൂഹിക പങ്കാളിത്തത്തോടെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഗവർണർ വ്യക്തമാക്കി.പദ്ധതിയുമായി സഹകരിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.