ഇന്ത്യന്‍ സ്കൂളിൽ അധ്യാപകരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം -യു.പി.പി
text_fieldsമനാമ: ഇന്ത്യന്‍ സ്കൂളിൽ അധ്യാപകരുടെ അഭാവംമൂലം വിദ്യാർഥികൾ ബുദ്ധിമുട്ടുകയാണെന്നും ആവശ്യമുള്ള അധ്യാപകരെ ഉടന്‍ നിയമിക്കണമെന്നും യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി) നേതാക്കള്‍ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്ക് പൊതുപരീക്ഷ നടക്കാനിരിക്കെ പാഠഭാഗങ്ങള്‍ എടുത്തുതീർക്കാൻ ആവശ്യമായ അധ്യാപകരില്ലാത്ത അവസ്ഥയാണ്. താല്‍ക്കാലിക നിയന്ത്രണം എന്ന പേരില്‍ കുട്ടികളെ നിയന്ത്രിക്കുന്നതിനായി ഉള്ള അധ്യാപകരെ കോറിഡോര്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് നിരുത്തരവാദപരമാണ്. അധ്യാപകരുടെ പരിമിതിമൂലം ഒരു പീരിയഡിനുള്ളില്‍ ഒരു ചാപ്റ്റര്‍ മുഴുവന്‍ പഠിപ്പിച്ചുതീര്ക്കുന്ന അവസ്ഥയാണ്. ട്യൂഷനുപോയാണ് വിദ്യാർഥികൾ പാഠഭാഗങ്ങൾ പഠിക്കുന്നത്.
പാഠ്യവിഷയങ്ങള്‍ എടുത്തുതീര്‍ക്കേണ്ട അധ്യാപകരെ മെഗാ ഫെയര്‍ പോലുള്ള ഭാരിച്ച ജോലികള്‍ ഏൽപിക്കുമ്പോൾ അവര്‍ക്ക് നേരാംവണ്ണം പാഠ്യവിഷയങ്ങള്‍ എടുത്തുതീര്‍ക്കാന്‍ കഴിയാതെ വരുകയാണ്. പ്രതികരിക്കുന്നവരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും നേതാക്കൾ ആരോപിച്ചു. കൊച്ചുകുട്ടികള്‍ യാത്രചെയ്യുന്ന ബസുകളിലും പല ക്ലാസ് റൂമുകളിലും എയര്‍കണ്ടീഷണറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്. ഇരുപതോളം വര്‍ഷങ്ങളായി രക്ഷിതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആരോഗ്യപരമായ ഇടപെടലുകള്‍ നടത്തുന്ന ഉത്തരവാദിത്ത പ്രസ്ഥാനമാണ് യു.പി.പിയെന്നും നേതാക്കള്‍ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ അനിൽ യു.കെ, ബിജു ജോർജ്, ഹരീഷ് നായർ, ജാവേദ് പാഷ, എഫ്.എം. ഫൈസൽ, ജ്യോതിഷ് പണിക്കർ, തോമസ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.