അവധിക്കാലം അടുത്തെത്തി; വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
text_fieldsമനാമ: പരീക്ഷക്കാലം അവസാനിക്കുകയും മധ്യവേനലവധിയെത്തുകയും ചെയ്തതോടെ നാട്ടിൽനിന്നുള്ള വിമാനനിരക്ക് കുത്തനെ ഉയർന്നു. കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് മുപ്പതിനായിരമായി ഉയർന്നു. ഇവിടെനിന്ന് നാട്ടിലേക്ക് ഇപ്പോൾ വലിയ നിരക്ക് വർധന ഇെല്ലങ്കിലും പെരുന്നാൾ അടുക്കുന്നതോടെ നിരക്ക് ഉയരും.
കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നുള്ള നിരക്കും ഉയർന്നു. അവധിക്കാലത്ത് നിരക്ക് ഉയരാനുള്ള സാധ്യത മുൻകൂട്ടി കണ്ട് പലരും നേരത്തേ ടിക്കറ്റ് എടുത്താണ് യാത്രചെയ്യുന്നത്. എൺപത് ശതമാനം ടിക്കറ്റുകളും സീസണിൽ നേരത്തേതന്നെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, വർധിച്ച ഡിമാന്റ് കണക്കാക്കി ഇനിയും ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള സാധ്യതയാണ് കാണുന്നത്.
പെരുന്നാൾ, ഈസ്റ്റർ, വിഷു എന്നിവയെല്ലാം അടുത്തടുത്തു വരുന്നതിനാൽ നിരവധി പ്രവാസികൾ നാട്ടിലേക്കും തിരിച്ചും യാത്രചെയ്യുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഉത്സവ സീസണുകൾ, സ്കൂൾ അവധികൾ തുടങ്ങിയ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് സാധാരണ യാത്രക്കാർക്ക് താങ്ങാനാവുന്നില്ല.
മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയസമ്പാദ്യം വിമാന ടിക്കറ്റിന് നൽകേണ്ട അവസ്ഥയാണ് കുറഞ്ഞ വരുമാനത്തിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക്. വിമാന നിരക്കുകൾ പുനഃപരിശോധിക്കണമെന്ന പ്രവാസി സംഘടനകളുടെയും ആവശ്യത്തോട് വിമാനകമ്പനികൾ കണ്ണടക്കാറാണ് പതിവ്. ഡിമാന്റുള്ള സമയങ്ങളിൽ നിരക്ക് വർധിക്കുന്നത് സ്വാഭാവികമാണ് എന്ന നിലപാടിലാണ് വിമാനകമ്പനികൾ. ടിക്കറ്റ് വർധനക്കെതിരെ നിരവധി പ്രവാസി സംഘടനകൾ രംഗത്തെത്തി.
വർധന കൊടിയ അനീതി -കെ.എം.സി.സി
വിമാന ടിക്കറ്റ് നിരക്ക് ക്രമാതീതമായി വർധിക്കുന്നത് പാവപ്പെട്ട പ്രവാസികളെയും വേനൽ അവധിക്കു നാട്ടിൽ പോകുന്ന കുടുംബാംഗങ്ങളെയും ആണ് കൂടുതൽ ബാധിക്കുന്നതെന്നും ഇത് കൊടിയ അനീതി ആണെന്നും കെ.എം.സി.സി. ആളുകളുടെ എണ്ണം വർധിക്കുമ്പോൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന പതിവ് ഇത്തവണയും വിമാന കമ്പനികൾ തെറ്റിച്ചിട്ടില്ലെന്ന് കെ.എം.സി.സി ഭാരവാഹികൾ ചൂണ്ടികാട്ടി. വിമാനങ്ങളുടെ എണ്ണം കൂട്ടിയോ, വിമാനങ്ങൾ ചാർട്ട് ചെയ്തോ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാനും സെക്രട്ടറി അസൈനാർ കളത്തിങ്കലും ആവശ്യപ്പെട്ടു.
എയർലൈൻസ് അധികൃതരുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണം -പ്രതിഭ
വിമാന യാത്രാനിരക്ക് കുത്തനെ വർധിപ്പിച്ച് പ്രവാസികളെ കറവപ്പശു ആക്കുന്ന എയർലൈൻ കമ്പനികളുടെ പ്രവാസി വിരുദ്ധ സമീപനത്തിനെതിരെ ബഹ്റൈൻ പ്രതിഭ പ്രതിഷേധിക്കുന്നതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ മൂന്നിരട്ടിയോളം വർധനവാണ് ഗൾഫ് മേഖലയിൽ നിന്നുള്ള സാധാരണക്കാരായ പ്രവാസികളെ ബുദ്ധിമുട്ടിച്ച് വിമാനകമ്പനികൾ നടത്തിയത്. പ്രതിസന്ധി പരിഹരിക്കാൻ എയർലൈൻസ് അധികൃതരുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണം. കേരള സർക്കാർ മുന്നോട്ടു വെച്ച ചാർട്ടേർഡ് വിമാന സർവിസ് തീരുമാനത്തെ അനുഭാവപൂർവം പരിഗണിച്ച് എത്രയും വേഗം അനുമതി നൽകുവാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് ഇൻചാർജ് ശശി ഉദിനൂർ, ജനറൽ സെക്രട്ടറി ഇൻ ചാർജ് ഷംജിത് കോട്ടപ്പള്ളി എന്നിവർ ആവശ്യപ്പെട്ടു.
കേരളത്തിന് വിമാന കമ്പനി വേണം -ഒ.ഐ.സി.സി
ഈസ്റ്ററും വിഷുവും ചെറിയ പെരുന്നാളും നാട്ടിലെ കുടുംബത്തോടൊപ്പം ആഘോഷിക്കണം എന്ന് ആഗ്രഹിക്കുന്ന പ്രവാസികളോട് വിമാന കമ്പനികൾ കാണിക്കുന്നത് ക്രൂരതയാണ് എന്ന് ബഹ്റൈൻ ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. ചാർേട്ടഡ് ഫ്ലൈറ്റുകൾക്ക് അനുമതി ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് കത്ത് കൈമാറി ചുമതലയിൽനിന്ന് ഒഴിയാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം. സ്വന്തമായി വിമാന കമ്പനികൾ ഉള്ള രാജ്യങ്ങൾ ചാർേട്ടഡ് ഫ്ലൈറ്റ് എന്ന നിർദേശത്തെ അനുകൂലിക്കാൻ സാധ്യത ഇല്ല.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുന്നോട്ടുവെച്ച ‘എയർ കേരള’പ്രതിസന്ധി പരിഹരിക്കാൻ സഹായകരമായിരുന്നു. സംസ്ഥാന സർക്കാർ ആഭ്യന്തര സർവിസ് നടത്തുന്ന ഏതെങ്കിലും വിമാന കമ്പനിയുമായി ചർച്ച നടത്തി സംസ്ഥാന സർക്കാറിനും ഉടമസ്ഥാവകാശം ലഭിക്കത്തക്ക രീതിയിൽ വിമാന കമ്പനി ആരംഭിക്കുകയാണ് വേണ്ടത്. അമിതമായ വിമാന നിരക്ക് വർധനക്ക് എതിരെ സർക്കാറുകൾ നടപടികൾ സ്വീകരിക്കുന്നില്ല എങ്കിൽ പ്രവാസി സംഘടനകൾ നാട്ടിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.