വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വിവിധ പരിപാടികൾ
text_fieldsമനാമ: രാജ്യത്തേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ടൂറിസം അതോറിറ്റി അറിയിച്ചു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് വിവിധ വിനോദ പരിപാടികൾ ഒരുക്കുക. ആഭ്യന്തര വിനോദ സഞ്ചാരികളെയും പരിപാടികൾ ലക്ഷ്യമിടുന്നുണ്ട്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിലൂടെ വിനോദ സഞ്ചാരികളുടെ പ്രഥമ പരിഗണന ലഭിക്കുന്ന രാഷ്ട്രങ്ങളിൽ പ്രമുഖ സ്ഥാനത്തെത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി സി.ഇ.ഒ നാസിർ അൽ ഖാഇദി വ്യക്തമാക്കി. ബഹ്റൈൻ മത്സരാധിഷ്ഠിത ടൂറിസം സ്പോട്ട് ആയി വളരുന്നതിനുള്ള സാധ്യതകൾ പഠിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്യും.
ഇതുവഴി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും കഴിയുമെന്നും പ്രതീക്ഷിക്കുന്നു. മാർച്ച് മാസം വിപുലമായ കാമ്പയിനാണ് തീരുമാനിച്ചിട്ടുള്ളത്.
ടൂറിസം മേഖലയിലെ വിവിധ സ്ഥാപനങ്ങളെ പങ്കാളികളാക്കിയുള്ള പരിപാടികളാണ് ഒരുങ്ങുന്നത്. ബഹ്റൈനിലെ സാംസ്കാരിക വൈവിധ്യം, വിവിധ പ്രവാസി സമൂഹത്തിന്റെ സാന്നിധ്യം എന്നിവ ഉപയോഗപ്പെടുത്തിയുള്ള ആഘോഷ പ രിപാടികൾ ഒരുക്കും. ഓരോ നാട്ടിലെയും ദേശീയദിന പരിപാടികൾ സംഘടിപ്പിക്കുകയും പ്രവാസി സമൂഹത്തെ അതിൽ ഭാഗഭാക്കാക്കുകയും ചെയ്യും. വിവിധ രാഷ്ട്രങ്ങളുമായി വിനോദസഞ്ചാര മേഖലയിൽ സഹകരണം സാധ്യമാക്കും. ബഹ്റൈൻ വീക് ഫോർ ഡിസൈനിങ് എന്ന പേരിൽ ഡിസൈനിങ്ങിനും കലക്കും പ്രത്യേക വാരാചരണം സംഘടിപ്പിക്കും. വിവിധ രാജ്യങ്ങളിലെ കലാ രംഗത്തെ കൂട്ടായ്മകളുടെ സഹകരണത്തോടെയായിരിക്കും ഇത് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാരെയും ഡിസൈനേഴ്സിനെയും ഇതിലൂടെ രാജ്യത്തേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന് കണക്കുകൂട്ടുന്നു. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരെ ആകർഷിക്കുന്നതിനായി കുതിരപ്പന്തയ വാരാചരണം നടത്തും.
ബഹ്റൈനിലെ കുതിരയോട്ട മേഖലയിലുള്ള ക്ലബുകളുമായി സഹകരിച്ചായിരിക്കും ഇത് സംഘടിപ്പിക്കുക. വാട്ടർ സ്പോർട്സ് മേഖലയിലെ വിവിധ വ്യക്തിത്വങ്ങളും സംവിധാനങ്ങളുമായി സഹകരിച്ച് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ പരിപാടികൾ നടത്തും. നവംബറിൽ ബഹ്റൈനിലെ മികച്ച ടൂറിസം സ്ഥാപനങ്ങൾക്ക് ആദരവ് നൽകും. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ടൂറിസം സ്ഥാപനങ്ങൾക്ക് ഇത് കരുത്തു പകരുമെന്നാണ് കരുതുന്നത്.
ബഹ്റൈൻ ദേശീയ ദിനം മുമ്പുണ്ടായിരുന്നതിനെക്കാൾ വിപുലമായ രൂപത്തിൽ ആഘോഷിക്കുകയും വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളുമായി സഹകരിച്ച് ആകർഷണീയമായ പരിപാടികൾ ഉൾപ്പെടുത്തി വിപുലപ്പെടുത്തുകയും ചെയ്യും.
ഉല്ലാസം, ഭക്ഷണം, വിശ്രമം എന്നിവ ഒരേയിടത്ത് ലഭ്യമാക്കുന്ന രൂപത്തിലുള്ള പാർക്ക് സ്ഥാപിക്കും. കാർണിവലുകളും ഔട്ട് ഡോർ സിനിമകളും നാടകങ്ങളും ലൈവ് സംഗീത പരിപാടികളും സമ്മാന പദ്ധതികളും ഇവിടെ നടത്തും.
2022 ഡിസംബർ മുതൽ 2023 ജനുവരി വരെ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിയായിരിക്കും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.