വാറ്റ് നിയമം: നാഷനൽ റവന്യൂ ബ്യൂറോ 183 പരിശോധനകൾ നടത്തി
text_fieldsമനാമ: നാഷനൽ റവന്യൂ ബ്യൂറോ ജൂലൈ മാസം 183 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും വാറ്റ് നിയമം യഥാവിധി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് വിവിധ ഗവർണറേറ്റുകളിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. ഡിജിറ്റൽ സ്റ്റാമ്പ് സംവിധാനം നടപ്പാക്കുന്നതും പരിശോധിച്ചിരുന്നു.
മൊത്തം 41 നിയമ ലംഘനങ്ങൾ കണ്ടെത്തുകയും പിഴയീടാക്കാൻ നിർദേശിക്കുകയും ചെയ്തു. നൂതന ഇലക്ട്രോണിക് ഉപകരണങ്ങളുപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നത്.
വാറ്റ് ഇൻവോയ്സുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെടുക, വാറ്റ് അടക്കം വിലകൾ കാണിക്കുന്നതിൽ പരാജയപ്പെടുക, ദൃശ്യമായ സ്ഥലത്ത് വാറ്റ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാതിരിക്കുക, വാറ്റ് ഇൻവോയ്സ് നൽകുന്നതിൽ വീഴ്ച വരുത്തുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
പരിശോധനയിൽ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ വ്യാപാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് എൻ.ബി.ആർ അറിയിച്ചു. വാറ്റ്, എക്സൈസ് നിയമങ്ങൾക്കനുസൃതമായി ഇവരിൽനിന്ന് പിഴയീടാക്കും. കടുത്ത നിയമലംഘനം കണ്ടെത്തിയാൽ ക്രിമിനൽ കേസ് നടപടികൾ ആരംഭിക്കും.
അഞ്ച് വർഷം തടവും വാറ്റ് നിയമം അനുസരിച്ച് അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകക്ക് തുല്യമായ പിഴയും വരെ ഇവർക്ക് ശിക്ഷ ലഭിക്കാം. എക്സൈസ് നിയമപ്രകാരം വെട്ടിച്ച എക്സൈസ് നികുതിയുടെ ഇരട്ടിക്ക് തുല്യമായ പിഴയും ഒരു വർഷം തടവുമാണ് നിയമലംഘകർ ശിക്ഷ അനുഭവിക്കേണ്ടത്.
എക്സൈസ് നിയമ ലംഘനങ്ങൾ 80008001 എന്ന നമ്പറിൽ അറിയിക്കാം. നിർദേശങ്ങളും പരാതികളും തവാസുൽ വഴിയും അറിയിക്കാം. വാറ്റ് സംബന്ധമായ ചോദ്യങ്ങൾ vat@nbr.gov.bh എന്ന ഇ മെയിൽ വഴിയും ഡിജിറ്റൽ സ്റ്റാമ്പ് സംബന്ധമായ സംശയങ്ങൾ ds@nbr.gov.bh എന്ന വിലാസത്തിലും അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.