മൂല്യവര്‍ധിത നികുതി ബഹ്റൈനിലും നടപ്പാക്കും
text_fieldsമനാമ: ജി.സി.സി രാജ്യങ്ങള്‍ക്ക് പൊതുവായുള്ള മൂല്യവര്‍ധിത നികുതിയും (വാറ്റ്) സെലക്ടീവ് നികുതിയും ബഹ്റൈന്‍ അംഗീകരിച്ചു.
ഇതുവഴി ചില ഉല്‍പന്നങ്ങള്‍ക്ക് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം ധാനകാര്യമന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയാണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. അടിസ്ഥാന ഭക്ഷണ സാധനങ്ങളിലും മരുന്നുകളിലും അനുബന്ധ സാധനങ്ങളിലും ഈ നികുതി ചുമത്തില്ല. എല്ലാ ജി.സി.സി രാജ്യങ്ങളിലും ഒരുച്ച് ഈ നികുതി സമ്പ്രദായം നിലവില്‍ വരും. ഇതുസംബന്ധിച്ച ഭരണഘടനാപരവും നിയമപരവുമായ കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ബഹ്റൈന്‍ പുതിയ നിയമം നടപ്പാക്കും.
ഇതിനായി പാര്‍ലമെന്‍റും ശൂറ കൗണ്‍സിലും നിയമം പാസാക്കിയ ശേഷം നടപടികള്‍ തുടങ്ങുമെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. പുതിയ നികുതി പരിഷ്കാരങ്ങള്‍ ആദായ നികുതിയല്ളെന്ന് മന്ത്രി പറഞ്ഞു.
ഇത് സാധനങ്ങളിലും സേവനങ്ങളിലും അഞ്ച് ശതമാനം എന്ന കണക്കിലാണ് ചുമത്തുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
90 ശതമാനത്തോളം ഉല്‍പന്നങ്ങളും ഈ നികുതിക്ക് പുറത്ത് വരുന്നതിനാല്‍ പുതിയ പരിഷ്കാരം കുറഞ്ഞ വരുമാനക്കാരായ പൗരന്‍മാരെ ബാധിക്കില്ളെന്ന് പിന്നീട് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ആരിഫ് ഖമീസ് പറഞ്ഞു. ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായ ‘വാറ്റ്’ നിരക്ക് ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞതാണെന്ന് ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി അലി അല്‍ റുമെയ്ഹി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിലവില്‍ 150 രാജ്യങ്ങളിലധികം ഇത് നടപ്പാക്കുന്നുണ്ട്.
2018ഓടെയാണ് ബഹ്റൈനില്‍ ‘വാറ്റ്’ നിലവില്‍ വരിക. അഞ്ചുശതമാനം വരെ ‘വാറ്റും’ 50 മുതല്‍ 100 ശതമാനം വരെ പ്രത്യേക ഇനങ്ങള്‍ക്കുള്ള നികുതിയും ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നു.
സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഈ തീരുമാനമെടുത്തത്. സൗദി ശൂറ കൗണ്‍സില്‍ ജനുവരി 23ന് പുതിയ നികുതി നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയ പശ്ചാത്തലതിലാണ് മന്ത്രിസഭ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.