പുതുകാഴ്ചകളൊരുക്കി 'വട്ടത്തിൽ വട്ടാരം'
text_fieldsമനാമ: മനുഷ്യമനസ്സുകളുടെ വിഭ്രാത്മക തലങ്ങളെ സ്പർശിച്ച് കടന്നുപോകുന്ന ഷോർട്ട് ഫിലിം പ്രേക്ഷകശ്രദ്ധ നേടുന്നു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള ഉൾപ്പെടെ സിനിമ, സാംസ്കാരിക രംഗത്തെ 14 പ്രമുഖർ ചേർന്ന് ഞായറാഴ്ച യൂട്യൂബിൽ റിലീസ് ചെയ്ത 'വട്ടത്തിൽ വട്ടാരം' എന്ന ഹ്രസ്വചിത്രം മികച്ച അഭിപ്രായം നേടി.
'എക്സിപിരിമെൻറൽ ഫിക്ഷണൽ ഫാമിലി ത്രില്ലർ' എന്ന നിലയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു കഥകളുടെ സൂചനകളാണ് ചിത്രത്തിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. അതോടൊപ്പം നാലാമതൊരു കഥാതന്തു ബാക്കിവെക്കുകയും ചെയ്യുന്നു. കാണുന്ന ഒാരോരുത്തർക്കും വ്യത്യസ്ത തോന്നലുകൾ ഉണ്ടാകുന്നു എന്നതാണ് പ്രത്യേകത. വ്യാഖ്യാനത്തിനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാരന് വിട്ടുകൊടുക്കുന്നു.
തിരുവല്ല സ്വദേശിയും ബഹ്റൈനിൽ ഒരു കമ്പനിയിൽ റീജനൽ സേഫ്റ്റി മാനേജറായി ജോലി നോക്കുകയും ചെയ്യുന്ന ജിജോ വളഞ്ഞവട്ടം സംവിധാനം ചെയ്ത ചിത്രം ബഹ്റൈനിൽതന്നെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. രണ്ടാമതൊരിക്കൽകൂടി കാണുന്ന പ്രേക്ഷകന് വിരസത തോന്നരുത് എന്ന ലക്ഷ്യമാണ് സിനിമ എടുക്കുേമ്പാൾ മനസ്സിൽ ഉണ്ടായിരുന്നതെന്ന് ജിജോ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ആദ്യ തവണ കണ്ടപ്പോഴുള്ള അതേ ആകാംക്ഷയോടെ വേണം രണ്ടാം തവണയും ചിത്രത്തെ സമീപിക്കാൻ. ഇൗ ലക്ഷ്യം നേടാൻ സാധിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം തെളിയിക്കുന്നത്.
ക്വിസ് മാസ്റ്റർ കൂടിയായ അനീഷ് നിർമലനാണ് തിരക്കഥ. ഉണ്ണികൃഷ്ണൻ സി.ബി സിനിമാറ്റോഗ്രഫിയും പ്രജോദ് കൃഷ്ണ സംഗീതവും അരുൺകുമാർ കെ.പി പോസ്റ്ററും നിർവഹിച്ചു. ജയശങ്കർ മുണ്ടഞ്ചേരി, ബിജു ജോസഫ്, നിഷ ബൈജു, മാസ്റ്റർ അർജുൻ രാജ് എന്നിവരാണ് അഭിനേതാക്കൾ. മേക്കപ്പ് ലളിത ധർമരാജനും ഗ്രാഫിക്സ് അൽബ്രൻ എ. അബിയാനുമാണ്. ലൂം ഫിലിംസിെൻറ ബാനറിൽ ഗൗരി മാധവ് പ്രൊഡക്ഷൻസിെൻറ സഹായത്തോടെയാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.