നെയ്ത്ത് പാരമ്പര്യം കാത്തുസൂക്ഷിച്ച് ബുദയ്യക്കടുത്തുള്ള ഗ്രാമം
text_fieldsമനാമ: നെയ്ത്തുവിദ്യയിലെ ബഹ്റൈന്റെ പാരമ്പര്യം അണയാതെ കാത്തുസൂക്ഷിക്കുകയാണ് ബുദയ്യക്കടുത്തുള്ള ബനി ജംറ ഗ്രാമം. പാരമ്പര്യമായി നെയ്ത്തുതൊഴിലിൽ ഏർപ്പെട്ടിരുന്നവരും ‘തറി’കളും ഉണ്ടായിരുന്ന ഗ്രാമമാണിത്. കാലക്രമേണ ഒന്നൊന്നായി പൂട്ടിപ്പോവുകയായിരുന്നു. ഇപ്പോൾ അവശേഷിക്കുന്ന ‘ബനു ജംറ നസീജ് ഫാക്ടറിയെ’ പഴയകാല നെയ്ത്തുശാലയായി പുനരുജ്ജീവിപ്പിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കിയിരിക്കുകയാണ് ബഹ്റൈൻ ഗവൺമെന്റ്. ഈന്തപ്പനയുടെ ഓലകൾകൊണ്ട് ചുമരുകൾ നിർമിച്ചും ഗ്ലാസും മരവുംകൊണ്ട് അതിനെ മോടിപിടിപ്പിച്ചും മനോഹരമായ ഫാക്ടറിയായി നിർമിച്ചിരിക്കുകയാണ്. ഇതിന്റെ രൂപകല്പന നിർവഹിച്ചത് ലിയോപോൾഡ് ബഞ്ചിനിയാണ്. ബഹ്റൈനിലെ അപൂർവം നെയ്ത്തുകാരിൽ ചിലരായ സാലിഹ്, മുഹമ്മദ്, അദ്ദേഹത്തിന്റെ പിതാവ് ഹബീബ് അൽ ജമ്രി എന്നിവരാണ് ഇപ്പോൾ ഇത് നടത്തുന്നത്. തങ്ങളുടെ പൂർവ പിതാക്കളിൽനിന്ന് സിദ്ധിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ വൈദഗ്ധ്യം പാരമ്പര്യമായി, ഇവർ തുടർന്നുകൊണ്ടിരിക്കുന്നു.
ദിവസവും മണിക്കൂറോളം അവർ ഇവിടെ വന്നു നെയ്ത്തുജോലികൾ ചെയ്തുപോരുന്നു. രണ്ടു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു തുണി നെയ്തെടുക്കാൻ മൂന്നു മണിക്കൂറോളം സമയമെടുക്കും.
ആദ്യ കാലത്ത് നെയ്യാനുള്ള ത്രെഡ് സ്വയം ഉണ്ടാക്കുകയായിരുന്നു. ഇപ്പോൾ മാർക്കറ്റിൽ നിന്നും ത്രെഡ് വാങ്ങിയാണ് നെയ്തെടുക്കുന്നതെന്ന് അവർ പറഞ്ഞു. നെയ്തെടുത്ത അബായ, ഷാൾ, തുണിത്തരങ്ങൾ എന്നിവ വിൽക്കാനും ഇതിനകത്ത് സ്റ്റാളുണ്ട്. ആവശ്യക്കാർക്ക് അവിടെനിന്നും പണം കൊടുത്തുവാങ്ങാം. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടു മുതൽ ഒരുമണി വരെയും വൈകീട്ട് മൂന്നു മുതൽ അഞ്ചു വരെയുമാണ് സന്ദർശന സമയം. വെള്ളിയാഴ്ച ഒഴിവു ദിനമാണ്. പ്രവേശനം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.