നിയമലംഘനം: ഈ വർഷം ജൂലൈ വരെ കോസ്റ്റ് ഗാർഡ് രജിസ്റ്റർ ചെയ്തത് 820 കേസുകൾ
text_fieldsമനാമ: 2024 ജനുവരി മുതൽ ജൂലൈ വരെ കോസ്റ്റ് ഗാർഡ് രജിസ്റ്റർചെയ്തത് 820 കേസുകൾ. രജിസ്ട്രേഷൻ, ലൈസൻസിങ് നിയമങ്ങൾ, ചെറുമീനുകളും ചെമ്മീനുകളും പിടിക്കൽ, നിരോധിത ഫ്ലോട്ടിങ് മീൻപിടിത്ത വലകൾ ഉപയോഗിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കാണ് കേസെടുത്തത്.
1,661 കിലോഗ്രാം മത്സ്യവും ചെമ്മീനും പിടിച്ചെടുത്തതായും തീരസംരക്ഷണ സേന അറിയിച്ചു. അപകടത്തിൽപെട്ട 471 പേരെയും 318 ബോട്ടുകളെയും രക്ഷിക്കാനും കോസ്റ്റ് ഗാർഡിന് കഴിഞ്ഞു.
ബഹ്റൈൻ കടലിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ടതിന് കഴിഞ്ഞദിവസവും നാല് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ‘കോഫ’ എന്നറിയപ്പെടുന്ന നിരോധിത ബോട്ട് ട്രോളിങ് വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തവേയാണ് കോസ്റ്റ് ഗാർഡിന്റെ പിടിയിലായത്.
ഏകദേശം 40 കിലോ ചെമ്മീൻ ഇവരിൽനിന്ന് കണ്ടെടുത്തു. ലൈഫ് ജാക്കറ്റുകൾ, പ്രഥമശുശ്രൂഷ കിറ്റ്, അഗ്നിശമന ഉപകരണം എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഇവരുടെ ബോട്ടിലുണ്ടായിരുന്നില്ല. നിരോധിത മീൻപിടിത്ത വലകൾ ഉപയോഗിക്കുക, കൂട്ടിയിടി തടയാൻ നാവിഗേഷൻ ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, ലൈസൻസില്ലാതെ മത്സ്യബന്ധനം, സുരക്ഷാ ഉദ്യോഗസ്ഥരെ പരിശോധനയിൽനിന്ന് തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും നിയമങ്ങളും പട്രോളിങ് നിർദേശങ്ങളും പാലിക്കാൻ കോസ്റ്റ് ഗാർഡ് അഭ്യർഥിച്ചു. കടൽ, കര പട്രോളിങ്ങുമായി സഹകരിക്കാത്തത് ശിക്ഷാർഹമായ കുറ്റമാണ്. ഒരു വർഷംവരെ തടവും 2,000 ദിനാർ വരെ പിഴയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.