തൊഴിൽ നിയമലംഘനം; 49 പേരെ നാടുകടത്തി
text_fieldsമനാമ: കഴിഞ്ഞയാഴ്ച തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 49 പേരെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു.
മാർച്ച് 10 മുതൽ 16 വരെയുള്ള ആഴ്ചയിൽ 755 പരിശോധനകളാണ് നടത്തിയത്. നിയമലംഘനം നടത്തിയ 91 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.
ബഹ്റൈനിലെ റെസിഡൻസി നിയമങ്ങളിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ എൽ.എം.ആർ.എ കണ്ടെത്തി. 13 സംയുക്ത പരിശോധന കാമ്പയിനുകളും അതിനുപുറമെ, ക്യാപിറ്റൽ ഗവർണറേറ്റിൽ അഞ്ച് കാമ്പയിനുകളും നടത്തി.
മുഹറഖ് ഗവർണറേറ്റിൽ മൂന്ന്, നോർത്തേൺ ഗവർണറേറ്റിൽ മൂന്ന്, സതേൺ ഗവർണറേറ്റിൽ രണ്ട് എന്നിങ്ങനെയാണ് പരിശോധനകൾ നടത്തിയത്.
ദേശീയത, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ), ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എന്നിവ പരിശോധനകളിൽ പങ്കെടുത്തു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധന കാമ്പയിനുകൾ ശക്തമാക്കുമെന്ന് എൽ.എം.ആർ.എ അറിയിച്ചു.
തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതും രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതുമായ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.