ഗതാഗതനിയമലംഘനം;ഭക്ഷണവിതരണക്കാർക്കെതിരെ നടപടിയെടുത്ത് ട്രാഫിക് ഡയറക്ടറേറ്റ്
text_fieldsമനാമ: ഭക്ഷണ വിതരണം നടത്തുന്നവർ ഗതാഗത നിയമങ്ങൾ അവഗണിക്കുന്നു എന്ന പരാതികൾ വ്യാപകമായതോടെ കർശന നടപടികൾക്കൊപ്പം ബോധവത്കരണവുമായി പൊലീസും ട്രാഫിക് ഡയറക്ടറേറ്റും. അലക്ഷ്യമായും നിയമം തെറ്റിച്ചും വാഹനമോടിക്കുന്ന ഭക്ഷണ വിതരണക്കാർക്കെതിരെ കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ 200 കേസുകളാണ് ട്രാഫിക് ഡയറക്ടറേറ്റ് എടുത്തത്. നിയമലംഘനം നടത്തുന്ന ബൈക്കുകളും മറ്റു വാഹനങ്ങളും ഒരു മാസത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിവിധ ഭക്ഷണവിതരണ കമ്പനികളുടെയും റസ്റ്റാറന്റുകളുടെയും കീഴിലുള്ള ജീവനക്കാരാണ് ഭക്ഷണവിതരണം നടത്തുന്നത്.
എമർജൻസി പാതയിലൂടെയും മറ്റു വാഹനങ്ങൾക്കിടയിലൂടെയും അലക്ഷ്യമായി ബൈക്കുകൾ ഓടിക്കുന്ന ഭക്ഷണവിതരണക്കാർ വലിയ അപകടം വരുത്തിവെച്ചിരുന്നു. കാൽനടക്കാർക്കുള്ള ലൈനുകൾ മുറിച്ചുകടന്നും എതിർദിശയിൽ സഞ്ചരിച്ചും ബൈക്കുകൾ അപകടസാഹചര്യം സൃഷ്ടിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ്, റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ കർശന നടപടികളുമായി അധികൃതർ രംഗത്തെത്തിയത്. നിയമലംഘനം നടത്തുന്ന ഡെലിവറി ബൈക്കുകൾ പിടിച്ചെടുക്കാൻ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണ വിതരണക്കാർ റോഡ് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഭക്ഷണ വിതരണ കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഈ ഡ്രൈവർമാർക്ക് പലർക്കും ഗതാഗതനിയമങ്ങൾ സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് നിയമലംഘനങ്ങൾ വർധിക്കാൻ കാരണമാകുന്നതെന്നാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. കടുത്ത നടപടി എടുക്കാൻ തുടങ്ങിയതോടെ നിയമലംഘനങ്ങളിൽ കുറവു വന്നിരുന്നു. എന്നാൽ, ഇതോടൊപ്പം ബോധവത്കരണവും നടത്തിയാൽ മാത്രമേ പൂർണഫലം ഉണ്ടാവുകയുള്ളൂവെന്നും ട്രാഫിക് വിഭാഗം കരുതുന്നു. ഇതിന്റെ ഭാഗമായി വിവിധ ഭക്ഷ്യവിതരണ കമ്പനിയിലെ ജീവനക്കാർക്ക് ഗതാഗത അവബോധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയുണ്ടായി.
ട്രാഫിക് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഈ കമ്പനികളിലെത്തി ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച് ക്ലാസെടുക്കുകയുണ്ടായി. ഗതാഗത നിയമങ്ങൾ തെറ്റിക്കാൻ പാടില്ല എന്നുമാത്രമല്ല, മറ്റു ഡ്രൈവർമാരുടെ അവകാശങ്ങളിൽ കടന്നുകയറാനും പാടില്ല. ഒരു ചെറിയ നിയമലംഘനംപോലും വലിയ അപകടങ്ങളിലേക്ക് നയിക്കാമെന്നതു സംബന്ധിച്ചും അത് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കും എന്നതു സംബന്ധിച്ചും ക്ലാസുകളിൽ വിശദമാക്കിയതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.