തൊഴിൽ, താമസ വിസ നിയമലംഘനം; കഴിഞ്ഞയാഴ്ച 151 പേരെ നാടുകടത്തി
text_fieldsമനാമ: തൊഴിൽ,താമസ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കഴിഞ്ഞയാഴ്ച മാത്രം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയത് 2,179 പരിശോധനകൾ. പരിശോധനകളെത്തുടർന്ന് 151 പേരെ നാടുകടത്തി.
സെപ്റ്റംബർ 22 മുതൽ 28 വരെയുള്ള ആഴ്ചയിലെ കണക്കാണിത്.40 ക്രമരഹിത തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം സെപ്റ്റംബർ 28 വരെ 38,084 പരിശോധനകൾ നടത്തി. 543 സംയുക്ത കാമ്പയിനുകളും നടന്നു. 2,236 നിയമലംഘനങ്ങൾ കണ്ടെത്തുകയും 5,005 ക്രമരഹിത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.
തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ നിയമ ലംഘനങ്ങൾ അനുവദിക്കില്ലെന്നാണ് നിലപാട്. ടൂറിസ്റ്റ് വിസകളുടെ ദുരുപയോഗം തടയുന്നതിനും, ടൂറിസ്റ്റ് വിസയിലെത്തി തൊഴിൽ തേടുന്നത് തടയാനുമായി രാജ്യം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തൊഴിലുടമകൾ നൽകുന്ന ശരിയായ പെർമിറ്റുകളില്ലാതെ ജോലിക്കായി എത്തുന്നവരെ പിടികൂടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പുവരുത്താനും തൊഴിലില്ലായ്മ കുറക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടികൾ.
ക്യാപിറ്റൽ ഗവർണറേറ്റിൽ 18 കാമ്പയിനുകളും മുഹറഖ്, നോർതേൺ ഗവർണറേറ്റുകളിൽ നാല് വീതവും സതേൺ ഗവർണറേറ്റിൽ ആറ് കാമ്പയിനുകളും നടത്തി .
ദേശീയത, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ്, ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പൊലീസ് ഡയറക്ടറേറ്റ് , ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റിവ് സെന്റൻസിങ് , ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, വ്യവസായ വാണിജ്യ മന്ത്രാലയം,ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി എന്നീ സർക്കാർ സ്ഥാപനങ്ങൾ കാമ്പയിനിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.