വിസ തടസ്സം; ഇന്ത്യൻ ടീമിലെ ഏഴു പേർക്ക് ബഹ്റൈനിൽ എത്താനായില്ല
text_fieldsമനാമ: വിസ തടസ്സം കാരണം ബഹ്റൈനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിലെ ഏഴുപേർക്ക് തിങ്കളാഴ്ച ബഹ്റൈനിൽ എത്താൻ കഴിഞ്ഞില്ല. തടസ്സങ്ങൾ പരിഹരിച്ച് ചൊവ്വാഴ്ച വൈകീട്ടോടെ ഇവർക്ക് ഇന്ത്യൻ സംഘത്തിനൊപ്പം ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 അംഗ ടീമിലെ 18 കളിക്കാരും മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്കും സപ്പോർട്ട് സ്റ്റാഫും മുംബൈയിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് ബഹ്റൈനിൽ എത്തി.
ഗോൾകീപ്പർ അമരീന്ദർ സിങ്, ഡിഫൻഡർ ചിങ്ലെൻസാന സിങ്, ആകാശ് മിശ്ര, മിഡ്ഫീൽഡർമാരായ അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, അനികേത് യാദവ്, ബിപിൻ സിങ് എന്നിവർക്കാണ് വിസ അനുമതി ലഭിക്കാത്തതിനാൽ യാത്ര ചെയ്യാൻ കഴിയാതിരുന്നത്. രണ്ട് മാസം മുമ്പ് വിസക്കുവേണ്ടിയുള്ള അപേക്ഷ നൽകിയതാണെന്നും ഇപ്പോഴും അനുമതി പ്രതീക്ഷിച്ചിരിക്കുകയാണെന്നും കോച്ച് ഇഗോർ സ്റ്റിമാക് പറഞ്ഞു.
ഏഴ് കളിക്കാർക്ക് എത്താൻ സാധിച്ചില്ലെങ്കിൽ ബുധനാഴ്ചത്തെ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുക ദുഷ്കരമായിരിക്കും. അത്തരമൊരു സാഹചര്യമുണ്ടായാൽ ലഭ്യമായതിൽ ഏറ്റവും മികച്ച ടീമിനെ ഇറക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസ പ്രശ്നം പരിഹരിച്ച് ചൊവ്വാഴ്ച രാത്രി തന്നെ ഏഴ് കളിക്കാരും ബഹ്റൈനിൽ എത്തുമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വൃത്തങ്ങൾ അറിയിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.