കേസുണ്ടെങ്കിൽ പാസ്പോർട്ട് പുതുക്കിക്കിട്ടുമോ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?എന്റെ പാസ്പോർട്ട് പുതുക്കേണ്ടത് അടുത്തമാസമാണ്. പക്ഷേ, എന്റെ പേരിൽ നാട്ടിൽ ഒരു ക്രിമിനൽ കേസുണ്ട്. അതുകൊണ്ട് പൊലീസ് ക്ലിയറൻസ് ലഭിക്കുമെന്ന് കരുതുന്നില്ല. ഞാൻ ഇപ്പോൾ കോടതിയിൽനിന്ന് ജാമ്യത്തിലാണ്. എനിക്ക് യാത്ര ചെയ്യുന്നതിന് തടസ്സമൊന്നുമില്ല. പൊലീസ് ക്ലിയറൻസ് ലഭിക്കാൻ എന്താണ് ഞാൻ ചെയ്യേണ്ടത്. ഇന്ത്യൻ എംബസിയിൽനിന്ന് സഹായം ലഭിക്കുമോ.
ഒരു വായനക്കാരൻ
• നാട്ടിൽ എന്തെങ്കിലും ക്രിമിനൽ കേസ് നിലവിലുണ്ടെങ്കിൽ അത് തീർപ്പാകുന്നതുവരെ പൊലീസ് ക്ലിയറൻസ് ലഭിക്കുകയില്ല. അത് ലഭിച്ചില്ലെങ്കിൽ എംബസി പാസ്പോർട്ട് പുതുക്കുകയുമില്ല. അതുകൊണ്ട് താങ്കൾ നാട്ടിൽ കേസ് നടക്കുന്ന കോടതിയിൽ അല്ലെങ്കിൽ ഹൈകോടതിയിൽ അപേക്ഷ നൽകണം. കോടതി പാസ്പോർട്ട് പുതുക്കാനുള്ള ഓർഡർ നൽകും. നാട്ടിലെ താങ്കളുടെ അഭിഭാഷകനോട് ചോദിച്ചാൽ എല്ലാ വിവരങ്ങളും പറഞ്ഞുതരും. ഇതുപോലുള്ള പരാതികൾ കോടതി പെട്ടെന്ന് തീർപ്പാക്കുമെന്നാണ് അറിവ്. താങ്കൾക്ക് അത്യാവശ്യമായി നാട്ടിൽ പോകണമെങ്കിൽ എംബസിക്ക് എമർജൻസി സർട്ടിഫിക്കറ്റ് അതായത് ഇവിടെനിന്ന് പോകുവാനുള്ള ഒരു രേഖ നൽകുവാൻ സാധിക്കും. അല്ലാതെ സാധാരണ രീതിയിൽ പാസ്പോർട്ട് പുതുക്കാൻ പ്രയാസമാണ്.
ഗോൾഡൻ വിസ
ഗോൾഡൻ വിസ ഇവിടെ താമസിക്കാനുള്ള വിസ മാത്രമാണ്. ഗോൾഡൻ വിസയുണ്ടെങ്കിൽ സ്പോൺസറില്ലാതെ ബഹ്റൈനിൽ താമസിക്കാം. അത് പുതുക്കാനും സാധിക്കും. ഫാമിലിക്കും വിസ ലഭിക്കും. ഗോൾഡൻ വിസ കൊണ്ട് ഇവിടെ ജോലി ചെയ്യാനോ ബിസിനസ് നടത്താനോ പറ്റില്ല. അതിന് എൽ.എം.ആർ.എയുടെ പെർമിറ്റ് എടുക്കണം. ജോലി ചെയ്യുകയാണെങ്കിൽ ജോലി ചെയ്യാനുള്ള തൊഴിൽ പെർമിറ്റ് തൊഴിലുടമ എടുക്കണം. അപ്പോൾ തൊഴിൽ പെർമിറ്റ് മാത്രമേ നൽകുകയുള്ളൂ. അതിന്റെ കൂടെ സാധാരണ ലഭിക്കുന്ന താമസവിസ ലഭിക്കുകയില്ല. പക്ഷേ, എൽ. എം.ആർ.എയുടെ ഫീസ്, സോഷ്യൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻസ് എല്ലാം അടയ്ക്കണം. ഒരു തൊഴിലാളിക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും.
ഗോൾഡൻ വിസയുള്ളയാൾ ഇവിടെ ബിസിനസ് തുടങ്ങുകയാണെങ്കിൽ എൽ.എം.ആർ.എയിൽനിന്ന് കമ്പനിയുടെ പേരിൽ വർക്ക് പെർമിറ്റ് എടുക്കണം. അതായത് എൽ.എം.ആർ.എ നൽകുന്ന ഇൻവെസ്റ്റർ/പാർട്ട്ണർ വർക്ക് പെർമിറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.