ദുബൈയിൽ സന്ദർശക വിസ നിയമം കർശനം; വിസ പുതുക്കാനെത്തിയവർ ബഹ്റൈനിൽ കുടുങ്ങി
text_fieldsമനാമ: ദുബൈയിൽ സന്ദർശക വിസ നിയമം കർശനമാക്കിയതോടെ, സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി ബഹ്റൈനടക്കമുള്ള ജി.സി.സി രാജ്യങ്ങളിലെത്തിയവർ കുടുങ്ങി. ദുബൈയിലേക്ക് തിരിച്ചുപോകാനാകാതെ ഇങ്ങനെ നിരവധിപേർ ബഹ്റൈൻ വിമാനത്താവളത്തിൽ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുകയാണ്.
സന്ദർശക വിസ കാലാവധി കഴിഞ്ഞവർ, എക്സിറ്റ് അടിച്ച് ബഹ്റൈനടക്കമുള്ള രാജ്യങ്ങളിലെത്തി വീണ്ടും പുതിയ വിസ എടുത്ത് യു.എ.ഇയിലേക്ക് തിരിച്ചെത്തുകയായിരുന്നു ഇതുവരെ. സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് കൂടുതലായതിനാലാണ് ഇങ്ങനെ എക്സിറ്റ് അടിക്കാനായി ജി.സി.സി രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ, ദുബൈ ഇമിഗ്രേഷൻ അധികൃതർ കഴിഞ്ഞയാഴ്ച മുതൽ നിയമം കർശനമാക്കിയതോടെ ഇങ്ങനെ എത്തിയവർ വെട്ടിലായി.
ദുബൈയിലേക്ക് ടൂറിസ്റ്റ്, സന്ദർശക വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും അപ്ലോഡ് ചെയ്യണമെന്നാണ് പുതിയ നിർദേശം. ക്യു.ആർ കോഡുള്ള ഹോട്ടൽ ബുക്കിങ് രേഖയോ താമസിക്കാൻ പോകുന്ന സ്ഥലത്തിന്റെ രേഖകളോ ആണ് നൽകേണ്ടത്. കൂടാതെ മടക്ക യാത്രക്കുള്ള ടിക്കറ്റിന്റെ പകർപ്പും സമർപ്പിക്കണം.
എന്നാൽ, പുതിയ വ്യവസ്ഥകളറിയാതെയാണ് മലയാളികളടക്കം എക്സിറ്റ് അടിക്കാനായി ടിക്കറ്റെടുത്ത് ബഹ്റൈനിലെത്തിയത്. ദുബൈയിലേക്ക് പുതിയ സന്ദർശക വിസക്ക് അപേക്ഷിച്ച ഇവരുടെയെല്ലാം അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. തുടർന്ന് ഇവരിൽ ഭൂരിഭാഗവും ഇമിഗ്രേഷനിൽ രേഖകൾ ഹാജരാക്കി ഇന്ത്യയിലേക്ക് പോകുകയാണ്.
എന്നാൽ, പലരുടേയും കൈവശം ആവശ്യത്തിന് പണം ഇല്ലാതിരുന്നതിനാൽ ടിക്കറ്റെടുക്കാൻ സാധിച്ചില്ല. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ ഭക്ഷണത്തിനും ബുദ്ധിമുട്ടി. നിയമത്തിൽ വന്ന മാറ്റം സംബന്ധിച്ച് ട്രാവൽ ഏജൻസികൾ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.