വിഷ്വൽ സ്റ്റോറി ടെല്ലിങ് വർക്ക്ഷോപ്പിന് തുടക്കമായി
text_fieldsവിഷ്വൽ സ്റ്റോറി ടെല്ലിങ് വർക്ക്ഷോപ്പിൽനിന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതു ദിവസം നീണ്ടുനിൽക്കുന്ന വിഷ്വൽ സ്റ്റോറി ടെല്ലിങ് വർക്ക്ഷോപ്പിന് തുടക്കമായി. ദേശീയ -അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമായ സണ്ണി ജോസഫ് ആണ് ക്യാമ്പ് ഡയറക്ടർ.
1983ൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ചലച്ചിത്ര സംവിധാനത്തിലും സിനിമാട്ടോഗ്രാഫിയിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സണ്ണി ജോസഫ് അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ടി.വി. ചന്ദ്രൻ, എം.ടി. വാസുദേവൻ നായർ, ഷാജി എൻ. കരുൺ, വേണു മോഹൻ, നെടുമുടി വേണു, എം. രാജീവ് കുമാർ തുടങ്ങി പ്രശസ്തരായ നിരവധി സംവിധായർക്കുവേണ്ടി കാമറ ചലിപ്പിച്ചിട്ടുണ്ട്. പിറവി, തീർത്ഥം, ഒരേ തൂവൽപക്ഷികൾ, ഒറ്റയടിപ്പാത, വാസ്തുഹാര, ഒരു ചെറുപുഞ്ചിരി, ദയ, പൂരം, ആലീസിന്റെ അന്വേഷണം തുടങ്ങിയവയൊക്കെ ശ്രദ്ധേയ ചിത്രങ്ങളാണ്.
ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവി എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ക്യാമ്പ് ഡയറക്ടർ സണ്ണി ജോസഫ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമം നിർവഹിച്ചു.
സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ച ഉദ്ഘാടന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, ഫിലിം ക്ലബ് കൺവീനർ അരുൺ ആർ. പിള്ള എന്നിവർ സന്നിഹിതരായിരുന്നു.
ചലച്ചിത്ര പഠനത്തിന്റെ ആമുഖം, ചലച്ചിത്രരംഗത്തെ നൂതന പ്രവണതകൾ, കഥ- തിരക്കഥ ചർച്ചകൾ, പ്രായോഗിക ഛായാഗ്രഹണം, പ്രകാശത്തിന്റെയും ലൈറ്റിങ്ങിന്റെയും ഗുണനിലവാരം, ചലച്ചിത്ര നിർമാണത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, കഥയുടെയും കഥാപരിസരങ്ങളുടെയും തെരഞ്ഞെടുപ്പ് തുടങ്ങി വിവിധ വിഷയങ്ങളിലായി ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന വർക്ക്ഷോപ് ഈ മാസം 11ന് ക്യാമ്പിൽനിന്ന് തെരഞ്ഞെടുക്കുന്ന തിരക്കഥയെ അടിസ്ഥാനമാക്കി നിർമിക്കുന്ന ഷോർട്ട് ഫിലിമിന്റെ ചിത്രീകരണത്തോടെ അവസാനിക്കുകയും തുടർന്ന് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഓൺ ലൈനായിട്ട് പഠിപ്പിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.