അഴീക്കോട് ഇപ്പോഴുണ്ടായിരുന്നെങ്കിൽ സൈബർ ചാവേറുകൾക്കിരയാകുമായിരുന്നു -വി.ആർ. സുധീഷ്
text_fieldsമനാമ: സുകുമാർ അഴീക്കോട് ഇപ്പോഴുണ്ടായിരുന്നെങ്കിൽ സൈബർ ചാവേറുകളുടെ ആക്രമണത്തിനിരയാകുമായിരുന്നെന്ന് സാഹിത്യകാരനും നിരൂപകനുമായ വി.ആർ. സുധീഷ്. സമൂഹമാധ്യമങ്ങളുടെ പ്രഭാവകാലത്തിനുമുമ്പ് മരിച്ചതിലൂടെ അദ്ദേഹം രക്ഷപ്പെട്ടെന്നും ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നിർഭയനായി വേദികളിൽ സാമൂഹിക വിമർശനം നടത്തിയിരുന്ന അഴീക്കോട് മാഷെപ്പോലുള്ളവരുടെ വിടവ് മലയാളി സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രസംഗവേദിയിലെത്തിയാൽ അദ്ദേഹം ബന്ധങ്ങളും അടുപ്പവുമെല്ലാം മറക്കുമായിരുന്നു. എന്നാൽ, ഇന്നുള്ള സാഹിത്യകാരന്മാരും എഴുത്തുകാരും അധികാരത്തിനും പദവിക്കും വേണ്ടി ഭരണകർത്താക്കൾക്ക് സ്തുതി പാടുകയാണ്. വിരമിച്ചതിനുശേഷം കിട്ടാവുന്ന പദവികളിലാണ് പലരുടെയും നോട്ടം.
നിർവികാരരായ പുതുതലമുറയെയാണ് ഇന്ന് കാമ്പസുകളിലുൾപ്പെടെ കണ്ടുകൊണ്ടിരിക്കുന്നത്. ആരോ ഒരാൾ പടച്ചുവിടുന്ന പോസ്റ്റുകൾ ഷെയർ ചെയ്യലാണ് ഇപ്പോൾ സംഭവിക്കുന്നത്. സ്വയം ചിന്തിക്കാൻ ആർക്കും സമയവും താൽപര്യവുമില്ല. മലയാളിയുടെ രാഷ്ട്രീയബോധം പിന്നോട്ടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമുണരുന്ന ജനതയാണിത്. സമൂഹമാധ്യമങ്ങൾ കൊണ്ട് ഗുണമുണ്ടായിട്ടുണ്ടെങ്കിലും ദോഷങ്ങൾ അനവധിയാണ്. ഇക്കാലത്ത് പ്രണയമുൾപ്പെടെയുള്ള മാനുഷിക വികാരങ്ങൾ അസ്തമിച്ചിരിക്കുന്നു. അനശ്വരപ്രണയമല്ല, നശ്വരമായ വികാരങ്ങളാണ് പുതുതലമുറയെ ഭരിക്കുന്നത്. പ്രണയം അക്രമാസക്തമാകുന്നത് അതുകൊണ്ടാണ്.
നിരൂപണസാഹിത്യത്തിലും ബാലസാഹിത്യത്തിലുമെല്ലാം ഈ അപചയമുണ്ട്. മുതിർന്ന എഴുത്തുകാരാണ് കുട്ടികൾക്കുവേണ്ടി എഴുതേണ്ടത്. എന്നാൽ, അങ്ങനെയുണ്ടാകുന്നില്ല. സാങ്കേതികവിദ്യയുടെ കാലത്തും കുട്ടികൾ പുസ്തകങ്ങളെയും വായനയെയും ഇഷ്ടപ്പെടുന്നുണ്ട്. ‘കുറുക്കൻ മാഷിന്റെ സ്കൂൾ’ എന്ന തന്റെ ബാലസാഹിത്യകൃതി വായിച്ച കുട്ടികളിൽനിന്ന് ഇപ്പോഴും കത്തുകൾ ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൗവനത്തിലേക്കെത്തുമ്പോൾ കുട്ടികൾ വഴിതെറ്റുന്നതെങ്ങനെയെന്ന് സമൂഹം ഉറക്കെച്ചിന്തിക്കണം.
ഏകാധിപതികളെയാണ് അവർ ആരാധിക്കുന്നത്. സാഹിത്യകൃതികളിലും സിനിമയിലും ഈ അപഭ്രംശം ദൃശ്യമാണ്. ചെറുകഥകളിൽ മാത്രമാണ് അൽപമെങ്കിലും പുതുമ ദർശിക്കാൻ കഴിയുന്നത്. എല്ലാവരും ഇന്ന് നോവലുകൾ എഴുതിക്കൊണ്ടിരിക്കുന്നു. എല്ലാ നോവലുകളുടെയും പ്രമേയം പുരാവൃത്തം പറച്ചിൽ മാത്രമാണ്. പ്രസാധകരുടെ താൽപര്യമനുസരിച്ചാണ് എഴുത്തുകാർ സൃഷ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. സാഹിത്യോത്സവങ്ങൾ ആൾക്കൂട്ടത്തിന്റെ ഉത്സവങ്ങൾ മാത്രമാണ്. അതുകൊണ്ട് സാഹിത്യത്തിന് ഒരു ഗുണവുമില്ല. വായനക്കാരെ രസിപ്പിക്കുന്ന കൃതികൾ മാത്രമാണ് പ്രസാധകർ പ്രോത്സാഹിപ്പിക്കുന്നത്. രാഷ്ട്രീയ നോവലുകൾ ഉണ്ടാകാത്തത് അതുകൊണ്ടാണ്. കവിതകളും ആവർത്തന വിരസമാണ്.
രൂപപരമായ പരീക്ഷണങ്ങൾ മാത്രമേ നടക്കുന്നുള്ളു. പ്രമേയപരമായി പുതുമയൊന്നുമില്ല. ലോകസാഹിത്യം പക്ഷേ, ഇതിൽനിന്ന് വ്യത്യസ്തമാണ്. ലോകജനതയനുഭവിക്കുന്ന വംശീയവാദമുൾപ്പടെയുള്ള പ്രവണതകൾ അവിടെ പ്രമേയമാകുന്നു. കുമാരനാശാൻ ലോകകവിയായിരുന്നെന്ന് ഉറക്കെപ്പറയാൻ ആർക്കും ധൈര്യമില്ല. കുമാരനാശാന്റെ ചരമശതാബ്ദി വർഷമെങ്കിലും അദ്ദേഹത്തെ ആ തരത്തിൽ പുതിയ പഠനത്തിന് വിധേയമാക്കണം.
മലയാളസിനിമ സാങ്കേതികമായി മുന്നേറിയിട്ടുണ്ടെങ്കിലും പ്രമേയത്തിൽ അധികം പുതുമകളില്ലെന്നും വി.ആർ സുധീഷ് പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുടെയൊക്കെ പരീക്ഷണങ്ങൾ രൂപപരമാണ്. സമഗ്രമായ ജീവിതം ആവിഷ്കരിക്കാൻ നവസിനിമക്ക് കഴിയുന്നില്ല. ദർശനപരമായ പരിമിതികളാണ് പുതുതലമുറയുടെ പ്രശ്നം. മറ്റുള്ളവരുടെ സൃഷ്ടികൾ കാണാനും വായിക്കാനും ആരും തയാറാകുന്നില്ല. ലോകത്തിനുവേണ്ടിയല്ല, വിപണിക്കുവേണ്ടിയാണ് സാഹിത്യവും സിനിമയുമെന്ന നില മാറണമെങ്കിൽ സാമൂഹികമായ വലിയ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും വി.ആർ.സുധീഷ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.