ലക്ഷദ്വീപിൽ നടക്കുന്നത് ഭരണഘടനക്ക് നിരക്കാത്ത നടപടികൾ –ജോൺ ബ്രിട്ടാസ് എം.പി
text_fieldsമനാമ: ലക്ഷദ്വീപിൽ പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ നടത്തുന്നത് ഭരണഘടന വിരുദ്ധ നടപടികളാണെന്ന് രാജ്യസഭ അംഗം ജോൺ ബ്രിട്ടാസ്. ജി.സി.സി ഇസ്ലാഹി കോഒാഡിനേഷൻ കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച 'ലക്ഷദ്വീപ്, പ്രവാസികൾ പ്രതികരിക്കുന്നു' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്ന സംജ്ഞ രൂപപ്പെടുന്നത് സാംസ്കാരികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായി പ്രത്യേകം സംരക്ഷിക്കേണ്ട മേഖലകൾ എന്ന നിലയിലാണ്. ഭരണഘടന നൽകുന്ന ഈ പരിരക്ഷയാണ് ദ്വീപിൽ തകർക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലക്ഷദ്വീപ് റെഗുലേഷൻ അതോറിറ്റി ആക്ട് നടപ്പാക്കുക വഴി ദ്വീപ് ജനതയുടെ ഭൂമി കോർപറേറ്റുകൾക്ക് നിയമപരമായി കൈയേറാനുള്ള വാതിലുകൾ തുറക്കുകയാണെന്ന് ലക്ഷദ്വീപ് പാർലമെൻറ് അംഗം മുഹമ്മദ് ഫൈസൽ പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.ഗുണ്ട ആക്ട് പോലെ കരിനിയമം അടിച്ചേൽപിച്ച് ദ്വീപ് ജനതയെ നിശ്ശബ്ദമാക്കാമെന്നു കരുതുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഗുണ്ട ആക്ട് പ്രകാരം കുറ്റം ചെയ്യാതെ തന്നെ സംശയത്തിെൻറ മുനയിൽ നിർത്തി അറസ്റ്റ് ചെയ്യാൻ അവസരമൊരുക്കുന്ന ജനാധിപത്യ ധ്വംസനമാണ് ദ്വീപിൽ നടക്കുന്നത് എന്ന് മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ അഭിലാഷ് മോഹനൻ പറഞ്ഞു.
മുൻ എം.എൽ.എ വി.ടി. ബൽറാം, മാധ്യമപ്രവർത്തകൻ ഷാജഹാൻ മാടമ്പാട്ട്, ബഷീർ വള്ളിക്കുന്ന് (സൗദി), സുരേഷ് വല്ലത്ത് (ആസ്ട്രേലിയ), നൗഷാദ് കെ.ടി (ബഹ്റൈൻ), ടി.വി. ഹിക്മത്ത് (കുവൈത്ത്), ഡോ. അൻവർ സാദത്ത് (ജനറൽ സെക്രട്ടറി ഐ.എസ്.എം കേരള) എന്നിവരും സംസാരിച്ചു.
ജി.സി.സി ഇസ്ലാഹി കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. കെ.എൻ. സുലൈമാൻ മദനി സ്വാഗതവും മുജീബ് മദനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.