ആരാണ് ബഹ്റൈനിലെ പാട്ടുതാരം; 14 ന് റാംലി മാളിൽ ഫിനാലെ
text_fieldsമനാമ: ബഹ്റൈനിലെ പാട്ടുതാരത്തെ തിരഞ്ഞെടുക്കാനായി ഗൾഫ് മാധ്യമം ഒരുക്കുന്ന സിങ് ആന്റ് വിൻ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ 14ന് വൈകുന്നേരം നാലിന് ലുലു റാംലി മാളിൽ നടക്കും.
ഗൾഫ് മാധ്യമം 25ാം വാർഷികത്തോടനുബന്ധിച്ച് ജൂൺ 18ന് ഏഷ്യൻ സ്കൂൾ എ.പി.ജെ. അബ്ദുൽ കലാം ഹാളിൽ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മധുമയമായ് പാടാം’ മെഗാ സംഗീത പരിപാടിയുടെ മുന്നോടിയായാണ് സിങ് ആന്റ് വിൻ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ വിജയികളാകുന്നവർക്ക് എം.ജി ശ്രീകുമാറിനോടൊപ്പം വേദിയിൽ ഗാനമാലപിക്കാനുള്ള അസുലഭ അവസരമാണ് കൈവരുന്നത്. കൂടാതെ കൈനിറയെ സമ്മാനങ്ങളും ലഭിക്കും. പ്രാഥമിക റൗണ്ടിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗാനങ്ങൾ ഗൾഫ് മാധ്യമം സോഷ്യൽ മീഡിയവഴി ആയിരങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. അതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സരാർഥികളാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കുന്നത്. ഫൈനലിൽ പ്രശസ്തരായ വിധികർത്താക്കൾ മൂല്യനിർണയം നടത്തും.
‘മധുമയമായ് പാടാം’ സംഗീത നിശയുടെ ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. ടിക്കറ്റുകൾക്ക് 34619565 എന്ന നമ്പറിൽ വിളിക്കാം. എം.ജി. ശ്രീകുമാർ ചലച്ചിത്രഗാനരംഗത്തെത്തിയതിന്റെ നാല് സുന്ദരദശകങ്ങളുടെ ആഘോഷം കൂടിയാകും ‘മധുമയമായ് പാടാം’. എം.ജിയോടൊപ്പം വൻ താരനിരതന്നെ പവിഴദ്വീപിലെത്തും. വിധു പ്രതാപ്, നിത്യ മാമ്മൻ, ലിബിൻ സഖറിയ, അസ്ലം അബ്ദുൽ മജീദ്, ശിഖ പ്രഭാകരൻ, റഹ്മാൻ പത്തനാപുരം തുടങ്ങി പ്രതിഭകൾ. ഒപ്പം അവതരണ മികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേഷും. ടിക്കറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പാക്കിക്കൊള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.