ബഹ്റൈനിലും ശനി, ഞായർ അവധി ദിവസങ്ങളാവുമോ?
text_fieldsമനാമ: യു.എ.ഇക്ക് സമാനമായി ബഹ്റൈനിലും വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളാവുമോ? ഡോ. അലി അൽ നുഐമിയുടെ നേതൃത്വത്തിൽ അഞ്ച് എം.പിമാർ ഈ നിർദേശം പാർലമെന്റിനു മുന്നിൽ വെച്ചിരിക്കുകയാണ്.
ശനി, ഞായർ അവധിക്കു പുറമെ വെള്ളിയാഴ്ച പകുതി പ്രവൃത്തിദിനമാക്കാനും നിർദേശമുണ്ട്. പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം ഈ നിർദേശം അവലോകനത്തിനായി നിയമനിർമാണ, നിയമകാര്യസമിതിക്ക് കൈമാറിയിട്ടുണ്ട്. നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ, നാലര ദിവസം പ്രവൃത്തിദിനവും രണ്ടര ദിവസം അവധിയുമാകും.
യു.എ.ഇക്കു പുറമെ മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മോറിത്താനിയ എന്നിവിടങ്ങളിലും രണ്ടര ദിവസം അവധിയാണ്. ആഗോള വിപണിക്കനുസൃതമായി സമ്പദ്വ്യവസ്ഥയെ മാറ്റിത്തീർക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശം. ഇതുസംബന്ധിച്ച പ്രതികരണം അറിയിക്കാൻ ബന്ധപ്പെട്ട എല്ലാവരുടെയും സാന്നിധ്യത്തിൽ അടുത്ത തിങ്കളാഴ്ച യോഗം നടക്കും.
കൂടുതൽ വാണിജ്യസൗഹൃദമാകാനും വ്യാപാര, ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും ഉദ്ദേശിച്ചാണ് വാരാന്ത അവധിയിൽ മാറ്റത്തിന് ശ്രമിക്കുന്നത്.
ബഹുരാഷ്ട്ര കമ്പനികൾക്കടക്കം അവധി ശനി, ഞായർ ദിവസങ്ങളായതിനാൽ വ്യാപാര, വാണിജ്യ പുരോഗതിക്ക് മാറ്റം അനിവാര്യമാണെന്ന അഭിപ്രായം വ്യവസായ, വാണിജ്യ വൃത്തങ്ങളിലുണ്ട്. മുമ്പ് ബഹ്റൈനിലെ വാരാന്ത്യ അവധി വ്യാഴം, വെള്ളി ആയിരുന്നു. പിന്നീട് അത് നിലവിലുള്ള വെള്ളി, ശനിയായി മാറ്റുകയായിരുന്നു.
രണ്ടര ദിവസത്തെ വാരാന്ത്യ അവധി സ്കൂളുകൾക്ക് ബാധകമാക്കുന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. അധ്യയനസമയം കുറയുന്നത് വിദ്യാഭ്യാസ പുരോഗതിയെ ബാധിക്കുമെന്ന അഭിപ്രായവുമുയരുന്നു.
ആഴ്ചയിൽ നാലര ദിവസം പ്രവൃത്തിദിനമാക്കിയത് ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിക്കാൻ സഹായകമായതായാണ് യു.എ.ഇയിൽനിന്നുള്ള റിപ്പോർട്ടുകൾ. അവധിദിനങ്ങൾ വർധിച്ചതോടെ ജീവനക്കാരുടെ ഹാജർനില മെച്ചപ്പെടുകയും ചെയ്തു. 2022ലാണ് യു.എ.ഇ ശനി, ഞായർ അവധി ആരംഭിച്ചത്. വെള്ളിയാഴ്ച ഉച്ചമുതൽ അവിടെ അവധിയാണ്. എന്നിരുന്നാലും സ്വകാര്യ കമ്പനികൾക്ക് പ്രവൃത്തിദിനങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം അനുവദിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.