ഒളിമ്പിക് റെക്കോഡ് തിരുത്തി വിൻഫ്രെഡ് യാവി; ആഹ്ലാദത്തിമിർപ്പിൽ രാജ്യം
text_fieldsമനാമ: പാരിസിൽ വനിതകളുടെ 3,000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വിൻഫ്രെഡ് യാവി നേടിയത് ബഹ്റൈന്റെ ഈ ഒളിമ്പിക്സിലെ ആദ്യ മെഡൽ.
ഒളിമ്പിക് റെക്കോഡ് കൂടിയാണ് യാവി തിരുത്തിയത്. എട്ട് മിനിറ്റ് 52.76 സെക്കൻഡ് എന്ന മിന്നുന്ന സമയത്തിലാണ് യാവി വിജയിച്ചത്. 2008ൽ ബെയ്ജിങിൽ റഷ്യൻ താരം ഗുൽനാര സമിറ്റോവ-ഗാൽക്കിന സ്ഥാപിച്ച 8:58.81 എന്ന റെക്കോഡാണ് യാവി മറികടന്നത്. ടോക്യോ 2021 സ്വർണ മെഡൽ ജേതാവ് യുഗാണ്ടയുടെ പെരുത്ത് ചെമുട്ടായിയെ മറികടന്നാണ് യാവി സ്വർണനേട്ടം സ്വന്തമാക്കിയത്.
8:53 സെക്കൻഡിൽ ഫിനിഷ് ചെയ്ത ചെമുട്ടായി വെള്ളി നേടി. കെനിയയുടെ ചെറോട്ടിച്ച് 8:55.15 എന്ന വ്യക്തിഗത മികവിൽ വെങ്കലം നേടി. ഒളിമ്പിക് ഗെയിംസിന്റെ ചരിത്രത്തിൽ ബഹ്റൈന്റെ മൂന്നാമത്തെ സ്വർണമാണിത്. 2012ൽ ലണ്ടനിൽ വനിതകളുടെ 1,500 മീറ്ററിൽ മറിയം യൂസഫ് ജമാലും 2016ൽ റിയോയിൽ റൂത്ത് ജെബെറ്റും സ്വർണം നേടിയിരുന്നു.
രാജ്യത്തിന്റെ അഞ്ചാമത്തെ ഒളിമ്പിക് മെഡൽ കൂടിയാണിത്. ടോക്യോയിൽ വനിതകളുടെ 10,000 മീറ്ററിൽ കൽക്കിഡൻ ഗെസാഹെഗ്നെ വെള്ളിയും റിയോയിൽ വനിതകളുടെ മാരത്തണിൽ യൂനിസ് കിർവ വെങ്കലവും കരസ്ഥമാക്കിയിരുന്നു.
ചെമുട്ടായി, കെനിയൻ താരങ്ങളായ ഫെയ്ത്ത് ചെറോട്ടിച്ച്, ബിയാട്രിക് എന്നിവരുൾപ്പെട്ട പ്രമുഖ താരങ്ങളെ അതിജീവിച്ചാണ് യാവി സ്വർണം നേടിയത്. യൂറോപ്യൻ ചാമ്പ്യൻ ഫ്രാൻസിന്റെ ആലീസ് ഫിനോട്ട് 8:58.67 എന്ന പുതിയ യൂറോപ്യൻ റെക്കോഡിൽ നാലാമതായി ഫിനിഷ് ചെയ്തു.
അന്താരാഷ്ട്ര മീറ്റുകളിൽ ശക്തമായ ഫിനിഷുകളാണ് വിൻഫ്രെഡ് യാവിയുടെ പ്രത്യേകത. 2023ൽ ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ, സീസണിലെ ഏറ്റവും വേഗതയേറിയ സമയങ്ങളിലൊന്നായ 8:50.56 കുറിച്ച് യാവി സ്വർണ മെഡൽ നേടിയിരുന്നു. 2023ലെ റോം ഡയമണ്ട് ലീഗിൽ 9:05.03 ആയിരുന്നു യാവിയുടെ സമയം. നിലവിൽ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് യാവി. ടോക്യോ ഒളിമ്പിക്സിൽ 10ാം സ്ഥാനത്തായിരുന്നു യാവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.