ബഹ്റൈനിൽ നല്ല തണുപ്പ്; ടെന്റടിക്കാൻ തിരക്ക്
text_fieldsമനാമ: തണുപ്പ് കാലം ശക്തമായതോടെ ക്യാമ്പിങ്ങിന് തിരക്കേറുന്നു. നവംബർ 20 മുതൽ അടുത്ത വർഷം ഫെബ്രുവരി 20 വരെയാണ് ഈ വർഷത്തെ സീസൺ. അവാലി മുതൽ സാഖിർ വരെയാണ് ക്യാമ്പിങ് നടക്കുക. നഗരത്തിരക്കുകളിൽനിന്ന് രക്ഷപ്പെട്ട് മരുഭൂമിയിലെ തണുത്ത അന്തരീക്ഷത്തിൽ വിശ്രമിച്ച് ക്യാമ്പിങ് നടത്താനാണ് ഇത്തവണ ആയിരങ്ങളെ ത്തുന്നത്.
സുരക്ഷാ നിയമങ്ങൾ പാലിക്കാൻ ഉപയോക്താക്കളോട് അഭ്യർഥിച്ച അധികാരികൾ സഖീറിലെ ക്യാമ്പിങ് സൈറ്റുകൾ പരിശോധിച്ചു. ആഴ്ചതോറും അധികൃതർ പരിശോധന നടത്തുന്നുണ്ട്. സതേൺ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ മറ്റു സ്ഥാപനങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയിരുന്നു.
ഉദ്യോഗസ്ഥർ ഭക്ഷണ വിതരണക്കാരുമായി ആശയവിനിമയം നടത്തുകയും നിയുക്ത സ്ഥലങ്ങളിൽ സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. എല്ലാ സുരക്ഷാ, ആരോഗ്യ നിയന്ത്രണങ്ങളും പാലിച്ചതായി ഗവർണറേറ്റ് പ്രസ്താവനയിൽ പറഞ്ഞു. 2,600ലധികം ക്യാമ്പ് സൈറ്റുകൾ സീസണിൽ ഗവർണറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 10,000ത്തിലധികം ആളുകൾ ക്യാമ്പിങ് ആസ്വദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതമായി കാമ്പിങ് നടത്താനുള്ള അന്തരീക്ഷമൊരുക്കിയിട്ടുണ്ട്. സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. ക്വാഡ് ബൈക്ക് ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കണം. സാധാരണ വാഹനങ്ങൾ ഓടിക്കുന്നവർ വേഗപരിധി പാലിക്കണം.
അഗ്നിശമന ഉപകരണങ്ങൾ സ്ഥലത്ത് ഉണ്ടായിരിക്കണം. ക്യാമ്പ് ഫയറിൽ നിന്ന് മാറിയായിരിക്കണം ടെന്റുകൾ സ്ഥാപിക്കേണ്ടത്. ഇലക്ട്രോണിക് ഉപകരണങ്ങളും വയറുകളും പരിശോധിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണമെന്ന് മുന്നറിയിപ്പ് നിർദേശങ്ങളിൽ പറയുന്നു. സീസൺ സംബന്ധിച്ച ഗൈഡ് southern.gov.bh-ൽ ലഭ്യമാണ്.
2024-2025 സീസണുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും campers@southern.gov.bh എന്ന ഇ-മെയിൽ വഴി നടത്താം. 17750000 എന്ന നമ്പറിലും വിവരങ്ങൾ ലഭ്യമാണ്. അൽ ജനോബിയ ആപ്പിൽ ഇൻസ്റ്റന്റ് ചാറ്റ് വഴിയും വിവരങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.