രാജ്യത്ത് സ്ത്രീകൾ മുന്നേറ്റം നടത്തി - ബഹ്റൈൻ മന്ത്രിസഭ
text_fieldsമനാമ: ബഹ്റൈൻ സ്ത്രീകൾ എല്ലാ മേഖലകളിലും തങ്ങളുടേതായ ഇടം കണ്ടെത്തുകയും അവരുടെ കഴിവുകൾ സമൂഹത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തതായി അന്താരാഷ്ട്ര വനിതദിനമാചരിക്കുന്ന വേളയിൽ ബഹ്റൈൻ മന്ത്രിസഭ അഭിപ്രായപ്പെട്ടു. രാജപത്നി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിൽ വനിതകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബഹ്റൈൻ വനിത സുപ്രീം കൗൺസിലിന്റെ പദ്ധതികൾ വിജയം കാണുന്നതായും വിലയിരുത്തി.
റമദാനിൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് വില വർധിക്കാതിരിക്കാനും ആവശ്യമായ സ്റ്റോക് ഉറപ്പുവരുത്താനുമാവശ്യമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ കാബിനറ്റ് പ്രകീർത്തിച്ചു. വൈദ്യുത-ജലകാര്യ മന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും തമ്മിൽ സഹകരിക്കുന്നതിനുള്ള നിർദേശത്തിന് അംഗീകാരമായി. അബൂദബി കൾചറൽ ഡയറക്ടറേറ്റ്, ദുബൈ ധനകാര്യ, ടൂറിസം അതോറിറ്റി, ഒമാൻ ടൂറിസം, പാരമ്പര്യ മന്ത്രാലയം എന്നിവയുമായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സഹകരിക്കുന്നതിനും അംഗീകാരം നൽകി. 41ാമത് അറബ് ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തിലെ പങ്കാളിത്തം, ഈജിപ്ത്, ജോർഡൻ, മൊറോക്കോ എന്നീ രാജ്യങ്ങളുമായുള്ള ജി.സി.സി സംയുക്ത മന്ത്രിതല സമിതി യോഗ പങ്കാളിത്തം, മനുഷ്യാവകാശ കമീഷൻ 55ാമത് ഉന്നതതല യോഗ പങ്കാളിത്തം എന്നിവയെക്കുറിച്ച റിപ്പോർട്ടുകൾ വിവിധ മന്ത്രിമാർ അവതരിപ്പിച്ചു.
ഫോർമുല വൺ പ്രതീക്ഷിച്ചതിനേക്കാൾ വിജയകരമായി പര്യവസാനിച്ചത് രാജ്യത്തിന് നേട്ടമാണെന്ന് യോഗം വിലയിരുത്തി. എഫ് വൺ ആരംഭിച്ചതിന്റെ 20 വർഷം പൂർത്തിയായ പശ്ചാത്തലത്തിൽ നടന്ന ഇത്തവണത്തെ മത്സരം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധപിടിച്ചുപറ്റി. ലോക കാറോട്ട പ്രേമികളെ ബഹ്റൈനിലേക്ക് ആകർഷിക്കാൻ എഫ് വൺ മത്സരങ്ങൾക്കു കഴിഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടുകളും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയും നിർണായകമായി. മേളയുടെ വിജയത്തിനായി പ്രയത്നിച്ച സംഘാടക സമിതി, ആഭ്യന്തര മന്ത്രാലയം, ഇന്റർനാഷനൽ സർക്യൂട്ട് ഉന്നതാധികാര സമിതി, വിവിധ മന്ത്രാലയങ്ങൾ, സർക്കാർ അതോറിറ്റികൾ തുടങ്ങിയവക്കെല്ലാം മന്ത്രിസഭ നന്ദി അറിയിച്ചു.
റമദാൻ സമാഗതമാവുന്ന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും ബഹ്റൈൻ ജനതക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും മന്ത്രിസഭ റമദാൻ ആശംസ നേർന്നു.
പുണ്യവും വിശുദ്ധിയും കരസ്ഥമാക്കാനും സമാധാനപൂർണമായ ജീവിതം നയിക്കാനും റമദാൻ നിമിത്തമാവട്ടെയെന്നും ആശംസിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ യോഗം ചേർന്നത്.
2023ൽ നൽകിയത് 1416 ഉംറ യാത്രാനുമതികൾ
മനാമ: പോയ വർഷം 1416 ഉംറ യാത്രാസംഘങ്ങൾക്ക് അനുമതി നൽകിയതായി നീതിന്യായ, ഇസ്ലാമികകാര്യ, ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിലെ മതകാര്യ വിഭാഗം ഡയറക്ടർ ഡോ. അലി അമീൻ അറിയിച്ചു. വർഷം മുഴുവനും ഉംറ അപേക്ഷകൾ സ്വീകരിക്കുകയും അനുമതി നൽകുകയും ചെയ്തിരുന്നു.
വിവിധ മന്ത്രാലയങ്ങളും അതോറിറ്റികളുമായി സഹകരിച്ച് ഇക്കാര്യത്തിൽ സാധ്യമായ സേവനങ്ങൾ നൽകാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് സൗദി ഹജ്ജ്-ഉംറ കാര്യ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.