സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും: ചർച്ചസദസ്സ് ഒരുക്കി പ്രവാസി മിത്ര
text_fieldsമനാമ: സിനിമ രംഗത്തെ സ്ത്രീകൾ നേരിടുന്ന കൊടും ചൂഷണവും ലൈംഗികാതിക്രമവും സംബന്ധിച്ച് ഹേമ കമ്മിറ്റി കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നവയാണെന്ന് പ്രവാസി മിത്ര സംഘടിപ്പിച്ച ചർച്ചസദസ്സ്. നാലര വർഷം റിപ്പോർട്ട് മുന്നിലുണ്ടായിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ലെന്നത് സ്ത്രീസമൂഹത്തോട് അവഹേളനപരമായ സമീപനമാണ് സർക്കാറിനുള്ളതെന്ന് തെളിയിക്കുന്നതാണെന്ന് ‘സ്ത്രീ: അസ്തിത്വവും വ്യക്തിത്വവും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സാമൂഹിക നീതിക്കും മാനുഷിക സമത്വത്തിനും സാമൂഹിക സഹവർത്തിത്വത്തിനുമായി അയ്യൻകാളി തുടങ്ങിവെച്ച നവോത്ഥാന പോരാട്ടങ്ങൾക്ക് തുടർച്ചയുണ്ടാക്കാൻ പുതിയ കേരളത്തിന് സാധ്യമായിട്ടില്ലെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച പ്രവാസി മിത്ര പ്രസിഡന്റ് വഫ ഷാഹുൽ പറഞ്ഞു.
ഒരുകൂട്ടം സ്ത്രീകളുടെ തൊഴിലിടങ്ങളിലെ അരക്ഷിതാവസ്ഥയുടെ പ്രശ്നപരിഹാരമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഒരു പൊളിറ്റിക്കൽ അറ്റാക്കിന് ഉപരിയായി ഈ വിഷയം ചർച്ച ചെയ്യപ്പെടണം എന്ന് സീനിയർ ജേണലിസ്റ്റ് രാജി ഉണ്ണികൃഷ്ണൻ ചർച്ചക്ക് തുടക്കംകുറിച്ച് അഭിപ്രായപ്പെട്ടു.
വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സാഹചര്യങ്ങളിൽ സ്വന്തം വ്യക്തിത്വവും തന്റേതായ ഇടവും അടയാളപ്പെടുത്താൻ സ്ത്രീകൾക്ക് കഴിയേണ്ടതുണ്ട്. എല്ലാ തൊഴിലിടങ്ങളിലും പ്രശ്നങ്ങളുണ്ട്. പക്ഷേ, സെക്ഷ്വൽ ഡിമാൻഡ് ഉയർത്തുന്നവരെ സമൂഹം തിരിച്ചറിയുകയും അകറ്റിനിർത്തുകയും വേണം.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങൾ യഥാർഥത്തിൽ ഒരു സ്ത്രീ പ്രശ്നമല്ല, അതിനുമപ്പുറം ഒരു സാമൂഹിക പ്രശ്നമാണ് എന്ന് സമൂഹം തിരിച്ചറിയണം. മലയാള സിനിമ വ്യവസായം അടിമുടി മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീകളോടുള്ള അതിക്രമങ്ങളും തൊഴില്‍ നിഷേധവും തുടരുന്ന ഇടമാണെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സ്ത്രീകള്‍ക്ക് ഭയരഹിതമായി ജോലിചെയ്യാനും ഹേമ കമീഷന് ശിപാര്‍ശകള്‍ നടപ്പാക്കുകയും വേണമെന്ന് ചർച്ചസദസ്സ് അഭിപ്രായപ്പെട്ടു.
പ്രവാസി സെന്ററിൽ നടന്ന ചർച്ചസദസ്സ് പ്രവാസി മിത്ര വൈസ് പ്രസിഡന്റ് ലിഖിത ലക്ഷ്മൺ നിയന്ത്രിച്ചു. റെനി വിനീഷ് വിഷയാവതരണം നടത്തി. റെജീന ഇസ്മായിൽ, മിനി മാത്യു, ജിജി മുജീബ്, സൗദ പേരാമ്പ്ര, ഗീത വേണുഗോപാൽ, മസീറാ നജാഹ്, നുസൈബ, ഫസീല ഹാരിസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രവാസി മിത്ര എക്സിക്യൂട്ടിവ് അംഗം ആബിദ സമാപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.