പൊതുമേഖലയിലെ ജോലി; പ്രവാസികൾക്ക് ബിരുദാനന്തര ബിരുദം വേണമെന്ന് എം.പിമാർ
text_fieldsമനാമ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി, പൊതുമേഖലയിൽ ജോലി തേടുന്ന പ്രവാസികൾക്ക് കർശനമായ നിയമന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന നിർദിഷ്ട ബില്ലിന് എം.പിമാർ ഏകകണ്ഠമായി അംഗീകാരം നൽകി. പൊതുമേഖല ജോലികളിൽ ബിരുദാനന്തര ബിരുദവും അതത് മേഖലകളിൽ കുറഞ്ഞത് പത്തു വർഷത്തെ പരിചയവുമുള്ളവരുമായ പ്രവാസികളെ മാത്രമേ നിയമിക്കാവൂ എന്നാണ് ബില്ലിലെ നിർദേശം.
പ്രവാസി ജീവനക്കാർക്കുള്ള കരാറുകൾ രണ്ട് വർഷത്തേക്ക് പരിമിതപ്പെടുത്തണമെന്നും സിവിൽ സർവിസ് ബ്യൂറോയുടെ അംഗീകാരത്തോടെ മാത്രമേ പുതുക്കാവൂ എന്നും ബില്ലിൽ പറയുന്നു. അനുയോജ്യമായ സ്വദേശി ഉദ്യോഗാർഥി ലഭ്യമല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സമാനമായ കാലയളവിലേക്ക് മാത്രമേ തൊഴിൽ കരാർ പുതുക്കാൻ കഴിയൂ.
സർക്കാർ ജോലികൾക്കായി നിയമിക്കുന്ന പ്രവാസികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 17 ശതമാനം കുറഞ്ഞതായി പാർലമെന്റ്, ശൂറ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബുവൈനൈൻ പറഞ്ഞു. സർക്കാർ ജോലികളിൽ നിലവിൽ 5,800 പ്രവാസികളാണുള്ളത്.
എന്നാൽ, യോഗ്യതയുള്ള ബഹ്റൈൻ ഉദ്യോഗാർഥികളെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നിലവിൽ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതെന്ന് കാബിനറ്റ് ചൂണ്ടിക്കാട്ടി. ഒരു പൊതുമേഖല ജീവനക്കാരന്റെ അടിസ്ഥാന കടമകളിലൊന്ന് സ്വദേശികളെ ജോലിക്ക് പരിശീലനം നൽകുക എന്നതാണ്. അതുകൊണ്ട് എം.പിമാരുടെ നിർദേശം യുക്തിരഹിതമാണെന്നും കാബിനറ്റ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.