തൊഴിൽ വിസ ലംഘനം: കമ്പനികൾക്കും തൊഴിലാളികൾക്കും ഇളവുകൾ
text_fieldsമനാമ: തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്ന രീതിയിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ലേബർ മാർക്കറ്റ് റെഗുലേഷൻ അതോറിറ്റി ഒരുങ്ങുന്നു.
ഇതുസംബന്ധിച്ച കരട് നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് പിഴയിൽ ഇളവ് ലഭിക്കും. മാത്രമല്ല ജയിൽ ശിക്ഷ ഒഴിവാക്കുകയും ചെയ്യും. കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റോ മറ്റ് കമ്പനികളുടെ പെർമിറ്റോ ഉള്ള തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് 1,000 ദീനാറാണ് നിലവിൽ പിഴ. ഇത് 500 ദീനാറായി കുറക്കും.
ലംഘനം ആവർത്തിച്ചാൽ അത് ഇരട്ടിയാക്കും. അറിയിപ്പ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ കമ്പനി, ലംഘനം തീർപ്പാക്കുകയാണെങ്കിൽ ഈ കുറഞ്ഞ പിഴയുടെ ആനുകൂല്യം ലഭിക്കും. വിസ കാലാവധി കഴിഞ്ഞ തൊഴിലാളികളിൽനിന്ന് ഈടാക്കുന്ന പിഴയിലും കുറവ് വരുത്തി. നേരത്തേ, വർക്ക് പെർമിറ്റ് പുതുക്കുന്നതിൽ പരാജയപ്പെട്ടാൽ ആദ്യ ദിവസം മുതൽ 1,000 ദീനാറായിരുന്നു പിഴ.
പുതിയ ഭേദഗതി പ്രകാരം വർക്ക് പെർമിറ്റ് കാലഹരണപ്പെട്ട് 10 ദിവസത്തിനുള്ളിൽ ലംഘനം കണ്ടെത്തിയാൽ 100 ദീനാറായിരിക്കും പിഴ. പെർമിറ്റ് കാലഹരണപ്പെട്ട് 10-നും 20-നുമിടയിൽ ലംഘനം കണ്ടെത്തിയാൽ പിഴ 200 ആകും. പെർമിറ്റ് കാലഹരണപ്പെട്ട് 20-നും 30-നുമിടയിൽ ലംഘനം കണ്ടെത്തിയാൽ പിഴ 300 ദീനാർ. കുറ്റം ആവർത്തിച്ചാൽ പിഴ 1,000 ആകും.
പിഴയടച്ച് ലംഘനങ്ങൾ ക്രമവത്കരിക്കാൻ പുതിയ നിയമം അനുവദിക്കുന്നു. അറിയിപ്പ് ലഭിച്ച് 14 പ്രവൃത്തി ദിവസത്തിനുള്ളിൽ നിശ്ചിത തുക അടച്ച് ലംഘനങ്ങൾ പരിഹരിക്കാം. സെറ്റിൽമെന്റ് തുക പൂർണമായി അടച്ചാൽ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കുമെന്നും നിയമം വ്യക്തമാക്കുന്നു.
സെറ്റിൽമെന്റുകൾക്കുള്ള പ്രത്യേക നടപടിക്രമങ്ങൾ എൽ.എം.ആർ.എ ബോർഡ് തയാറാക്കും. തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കനുസരിച്ച് , ഇളവുകളിലൂടെ തൊഴിലുടമകളെയും തൊഴിലാളികളെയും മാറ്റങ്ങൾക്ക് അനുവദിക്കുന്ന പുതിയ ഭേദഗതി ബിസിനസ് രംഗത്തെ ഉത്തേജിപ്പിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.